ഇതിഹാസ ക്രിക്കറ്റ് പരിശീലകൻ താരക് സിൻഹ അന്തരിച്ചു
text_fieldsന്യൂഡൽഹി: ദ്രോണാചാര്യ പുരസ്കാര ജേതാവും പ്രശസ്ത ക്രിക്കറ്റ് പരിശീലകനുമായ താരക് സിൻഹ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ അർബുദ ബാധിതനായിരുന്ന സിൻഹ ശനിയാഴ്ച ന്യൂഡൽഹിയിൽ വെച്ചാണ് മരിച്ചത്. അസുഖം മൂർച്ഛിച്ചതിന്‍റെ ഫലമായി താരകിന്‍റെ മറ്റ് ചില അവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു.
ദേശ്പ്രേം ആസാദ്, ഗുരുചരൺ സിങ്, രാമകാന്ത് അച്ചരേക്കർ, സുനിത ശർമ എന്നിവർക്ക് ശേഷം ദ്രോണാചാര്യ പുരസ്കാരം നേടിയ അഞ്ചാമത്തെ ക്രിക്കറ്റ് പരിശീലകനാണ് താരക്. 2018ലാണ് രാജ്യം പുരസ്കാരം നൽകി ആദരിച്ചത്.
വിവിധ തലമുറകളിലായി ക്രിക്കറ്റ് താരങ്ങളെ വളർത്തിക്കൊണ്ടുവന്ന അദ്ദേഹം ന്യൂഡൽഹിയിലെ സോണറ്റ് ക്രിക്കറ്റ് ക്ലബിലായിരുന്നു പ്രവർത്തിച്ച് വന്നിരുന്നത്. താരകിന്‍റെ ശിക്ഷണത്തിൽ കളിച്ചു വളർന്ന നിരവധി താരങ്ങളാണ് പിൽകാലത്ത് ഡൽഹി, ഇന്ത്യൻ ടീമുകളിൽ തിളങ്ങിയത്.
താരകിനെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പിതാവിനെ പോലെ ആദരിക്കുന്ന വ്യക്തിത്വമാണ്. കോച്ചിന് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചപ്പോൾ പന്ത് ട്വിറ്ററിലൂടെ ആശംസകൾ നേർന്നിരുന്നു.
പന്തിനെ കൂടാതെ ആശിഷ് നെഹ്റ, സഞ്ജീവ് ശർമ, ആകാശ് ചോപ്ര, ശിഖർ ധവാൻ, അഞ്ജൂം ചോപ്ര, സുരേന്ദർ ഖന്ന, രൺദീർ സിങ്, രമൺ ലാംബ, മനോജ് പ്രഭാകർ, അജയ് ശർമ, കെ.പി. ഭാസ്കർ, അതുൽ വാസൻ എന്നിങ്ങനെ പോകുന്നു താരകിന്‍റെ പ്രമുഖരായ ശിഷ്യരുടെ നിര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.