ദക്ഷിണാഫ്രിക്കൻ ഇതിഹാസ ക്രിക്കറ്റർ മൈക് പ്രോക്ടർ അന്തരിച്ചു
text_fieldsദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർമാരിൽ ഒരാളായ മൈക് പ്രോക്ടർ അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലിരിക്കെയാണ് അന്ത്യം. 77 വയസ്സായിരുന്നു. വർണവിവേചനത്തെ തുടർന്ന് ദക്ഷിണാഫ്രിക്കക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ വിലക്കുള്ള കാലത്തായിരുന്നു മൈക് പ്രോക്ടർ കളത്തിലുണ്ടായിരുന്നത്. അതിനാൽ, ദക്ഷിണാഫ്രിക്കക്കായി 1966 മുതൽ 1970 വരെയുള്ള കാലത്ത് ഏഴ് അന്താരാഷ്ട്ര ടെസ്റ്റുകളിൽ മാത്രമാണ് ഇറങ്ങാനായത്. എല്ലാം ആസ്ട്രേലിയക്കെതിരെയായിരുന്നു. ഇതിൽ ആറിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചപ്പോൾ ഒന്ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. 15.02 ശരാശരിയിൽ 41 വിക്കറ്റുകളാണ് ഫാസ്റ്റ് ബൗളറായ പ്രോക്ടർ എറിഞ്ഞുവീഴ്ത്തിയത്. മികച്ച മധ്യനിര ബാറ്റർ കൂടിയായ അദ്ദേഹം 34.83 ശരാശരിയിൽ 226 റൺസും നേടിയിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 48 സെഞ്ച്വറികളടക്കം 21,936 റൺസും 1417 വിക്കറ്റും നേടിയ പ്രോക്ടർ 70 തവണയാണ് അഞ്ച് വിക്കറ്റ് നേടിയത്. ഗ്ലൂസെസ്റ്റർഷെയറിനായി 13 വർഷം കളിച്ച പ്രോക്ടർ 1970ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായി ആറ് സെഞ്ച്വറികൾ നേടി വിസ്മയിപ്പിച്ചു. 1970ൽ വിസ്ഡൻ ആ വർഷത്തെ മികച്ച അഞ്ച് ക്രിക്കറ്റർമാരിൽ ഒരാളായും അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1979ൽ രണ്ട് ഹാട്രിക്കുകൾ നേടി അപൂർവ നേട്ടവും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ വിലക്ക് നീക്കിയപ്പോൾ പരിശീലകനായി എത്തിയ പ്രോക്ടർ 1992ലെ ലോകകപ്പിൽ ടീമിനെ സെമിഫൈനലിലെത്തിച്ചു. പിന്നീട് കമന്റേറ്ററായും സെലക്ടറായും 2002 മുതൽ 2008 വരെ ഐ.സി.സി മാച്ച് റഫറിയായും ക്രിക്കറ്റ് ലോകത്ത് നിറഞ്ഞുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.