കൊമ്പുകോർത്ത് യൂസുഫ് പത്താനും മിച്ചൽ ജോൺസണും; ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ നാടകീയ രംഗങ്ങൾ
text_fieldsഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ പുരോഗമിക്കവേ, സചിനടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനങ്ങൾക്കാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷിയാകുന്നത്. എന്നാൽ, അതിനിടെ ചില നാടകീയ രംഗങ്ങളും അരങ്ങേറി. ബിൽവാര കിങ്‌സും ഇന്ത്യാ ക്യാപിറ്റൽസും തമ്മിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ മുൻ ഇന്ത്യൻ താരം യൂസുഫ് പത്താനും ആസ്‌ട്രേലിയൻ ഇതിഹാസം മിച്ചൽ ജോൺസണും ഏറ്റുമുട്ടി.
ബിൽവാര കിങ്‌സ് താരമായ യൂസുഫ് പത്താൻ ബാറ്റിങ്ങിനിടെ ക്യാപിറ്റൽസിന് വേണ്ടി പന്തെറിയാനെത്തിയ മിച്ചൽ ജോൺസണിനുനേരെ ദേഷ്യത്തോടെ നടന്നടുക്കുന്നതായി വിഡിയോയിൽ കാണാം. എന്നാൽ, തൊട്ടടുത്തെത്തിയപ്പോൾ മിച്ചൽ പത്താനെ തള്ളിമാറ്റുകയായിരുന്നു. അംപയർ ഇടപെട്ടാണ് താരങ്ങളെ പിന്തിരിപ്പിച്ചത്. ഇരുടീമിലെയും സഹതാരങ്ങളും ഒപ്പമുണ്ട്. ജോധ്പൂരിലെ ബറകത്തുല്ല ഖാൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
അതേസമയം, മോശം പെരുമാറ്റത്തിന്റെ പേരിൽ മിച്ചൽ ജോൺസന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്താൻ ആലോചിക്കുന്നതായി സംഘാടകർ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോട് പ്രതികരിച്ചിട്ടുണ്ട്. മത്സരത്തിൽ ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യാ ക്യാപിറ്റൽസ് ഇർഫാൻ പത്താൻ നായകനായ ബിൽവാര കിങ്‌സിനെ മൂന്നു പന്ത് ബാക്കിൽനിൽക്കെ നാലു വിക്കറ്റിന് തകർത്തു.
വില്യം പോർട്ടർഫീൽഡ്(59), ഷെയിൻ വാട്‌സൻ(65) എന്നിവരുടെയും അർധസെഞ്ച്വറിയുടെ കരുത്തിൽ 20 ഓവറിൽ 226 റൺസാണ് ബിൽവാര അടിച്ചെടുത്തത്. മത്സരത്തിൽ യൂസുഫ് പത്താൻ 24 പന്തുകളിൽ നാല് സിക്‌സും മൂന്നു ബൗണ്ടറിയും സഹിതം 48 റൺസെടുത്തിരുന്നു. മിച്ചൽ ജോൺസന്റെ പന്തിൽ തന്നെ ഡ്വെയിൻ സ്മിത്ത് പിടിച്ചാണ് താരം പുറത്തായത്. രാജേഷ് ബിഷ്‌ണോയി 11 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 36 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ റോസ് ടൈലറുടെയും ആഷ്‌ലി നഴ്‌സിന്റെയും അർധസെഞ്ച്വറികളുടെ കരുത്തിലാണ് ക്യാപിറ്റൽസ് വിജയം എത്തിപ്പിടിച്ചത്. ടൈലർ 39 പന്തിൽ അഞ്ച് സിക്‌സറും ഒൻപത് ബൗണ്ടറിയും സഹിതം 84 റൺസെടുത്തു. നഴ്‌സ് 28 പന്തിൽ അഞ്ച് ബൗണ്ടറിയും നാല് സിക്‌സും സഹിതം 60 റൺസും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.