ഫുട്ബാളിന്റെ മണ്ണിൽ ഇനി ക്രിക്കറ്റ് പൂരം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആരവമൊഴിഞ്ഞ മണ്ണിൽ ഇന്നു മുതൽ ക്രിക്കറ്റ് പൂരം. ലയണൽ മെസ്സിയും കൂട്ടുകാരും ഫുട്ബാൾ സ്വർണക്കപ്പുമായി ദോഹ വിട്ട് രണ്ടു മാസം പിന്നിട്ടതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആരാധകരെ ത്രസിപ്പിച്ച താരങ്ങൾ ഖത്തറിൽ പാഡണിഞ്ഞ് ക്രീസിലെത്തും.
വെള്ളിയാഴ്ച മുതൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മുൻ ലോകതാരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സ് ടൂർണമെന്റ് നടക്കുന്നത്. 12 രാജ്യങ്ങളിൽ നിന്നായി 60ഓളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ് 20ാം തീയതി വരെ നീളും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയന്റ് എന്നീ മൂന്നു ടീമുകൾ എട്ടു മത്സരങ്ങളിലായി കളത്തിലിറങ്ങും.
മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീർ, ഓൾറൗണ്ടർ ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ, മലയാളി പേസ് ബൗളർ എസ്. ശ്രീശാന്ത്, സ്പിൻ ബൗളർ ഹർഭജൻ സിങ്, സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ, മുഹമ്മദ് കൈഫ് എന്നിവർ അണിനിരക്കുന്നതാണ് ഇന്ത്യ മഹാരാജാസ്.
ഇവർക്കു പുറമെ മുൻ പാക് നായകൻ ശാഹിദ് അഫ്‍രീദി, ശുഐബ് അക്തർ, ആസ്ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ, ഷെയ്ൻ വാട്സൻ, വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ, ലെൻഡൽ സിമ്മൺസ് തുടങ്ങിയവർ ഏഷ്യൻ ലയൺസ്, വേൾഡ് ജയന്റ്സ് ടീമുകളിലായി കളിക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ മഹാരാജാസും ഏഷ്യ ലയൺസും ഏറ്റുമുട്ടും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.