ജൂനിയർ മുഹമ്മദ് ആമിർ; സീനിയർ പ്രവീൺ താംബെ വരെ
text_fieldsവാതുവെപ്പ് കേസിൽ കുരുങ്ങി അകാലത്തിൽ കരിയർ പൊലിഞ്ഞ പാകിസ്താന്റെ മുഹമ്മദ് ആമിറാണ് 60ഓളം താരങ്ങളുടെ നിരയിൽ ജൂനിയർ. 30 വയസ്സാണ് ആമിറിന്റെ പ്രായം. പാകിസ്താനു വേണ്ടി 61 ഏകദിനവും, 36 ടെസ്റ്റും കളിച്ച താരം, കരിയറിന്റെ നല്ല കാലത്തായിരുന്നു വാതുവെപ്പ് കേസിൽ വലയിലാവുന്നത്. 2010ൽ സൽമാൻ ഭട്ടും മുഹമ്മദ് ആസിഫും ഉൾപ്പെട്ട കേസിൽപെടുമ്പോൾ 19 വയസ്സു മാത്രമായിരുന്നു പ്രായം. അഞ്ചുവർഷം വിലക്ക് വാങ്ങിയ ആമിർ 2015ൽ തിരികെയെത്തിയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ വീണ്ടും സജീവമായത്. എന്നാൽ, പരിക്കും ഫോമില്ലായ്മയും തിരിച്ചടിയായതോടെ 2020ഓടെ കരിയർ അവസാനിപ്പിച്ചു.
ഇന്ത്യ മഹാരാജാസിനു വേണ്ടി കളിക്കുന്ന പ്രവീൺ താംബെയാണ് കൂട്ടത്തിൽ ഏറ്റവും സീനിയർ. 51 വയസ്സുകാരനായ താംബെ ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമായിരുന്നു. 46കാരനായ തിലകരത്ന ദിൽഷൻ, മിസ്ബാഹുൽ ഹഖ് (48), ശുഐബ് അക്തർ (47), ഷാഹിദ് അഫ്രീദി (45), ബ്രെറ്റ് ലീ (45), ജാക് കാലിസ് (47) എന്നിവരും പ്രായത്തെ വെല്ലുന്ന ആവേശവുമായി സിക്സും ഫോറുമായി കളത്തിൽ ആവേശമാവാൻ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടാവും.
ആദ്യ ദിനത്തിലെ പോരാട്ടം ഗംഭീറും അഫ്രീദിയും തമ്മിൽ
ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ മഹാരാജാസും ഷാഹിദ് അഫ്രീദി നയിക്കുന്ന ഏഷ്യൻ ലയൺസും തമ്മിലാണ് ഉദ്ഘാടന ദിനത്തിലെ അങ്കം. ഏതാനും വർഷം മുമ്പു വരെ, ക്രിക്കറ്റ് ആരാധകരുടെ മനസ്സുകളിൽ റൺ പൂരം തീർത്ത പ്രിയപ്പെട്ടവരുടെ പ്രകടനം കൺമുന്നിൽ കാണാനുള്ള അവസരമാണ് ഖത്തറിലെ ക്രിക്കറ്റ് ആരാധകരെ തേടിയെത്തിയത്. വെള്ളിയാഴ്ച മുതൽ മാർച്ച് 20 വരെയായി എട്ടു പോരാട്ടങ്ങൾ. ഓരോ ടീമുകളും പരസ്പരം രണ്ടു മത്സരങ്ങളിൽ വീതം ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ വിജയം നേടുന്നവർ നേരിട്ട് ഫൈനലിലേക്ക് ഇടം നേടും. രണ്ടും മൂന്നും സ്ഥാനക്കാർ എലിമിനേറ്റർ റൗണ്ടിൽ മത്സരിച്ചാവും ഫൈനലിൽ പ്രവേശിക്കുന്നത്. മാർച്ച് 20നാണ് കലാശപ്പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.