പെയ്യട്ടെ റൺ മഴ: ഇന്ത്യ- ആസ്ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് കാര്യവട്ടത്ത്
text_fieldsതിരുവനന്തപുരം: ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തിന് ടോസ് വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളി ക്രിക്കറ്റ് ആരാധകരുടെ നെഞ്ചുലച്ച് കാര്യവട്ടത്ത് വീണ്ടും മഴ ഭീഷണി. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങളെപ്പോലും കാറ്റിൽപ്പറത്തി ശനിയാഴ്ച ഉച്ചയോടെ പെയ്തിറങ്ങിയ മഴയിൽ ആസ്ട്രേലിയൻ ടീം പാതിവഴിയിൽ പരിശീലനം ഉപേക്ഷിച്ച് മടങ്ങി. എന്നാൽ, ഒരുമണിക്കൂറിനു ശേഷം മഴ ശമിച്ചതോടെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചോടെ പരിശീലനത്തിന് ഇറങ്ങി. ഞായറാഴ്ച രാത്രി ഏഴുമുതലാണ് മത്സരം.
ട്വന്റി20 മത്സരങ്ങൾക്കായി ഇന്ത്യയിലെ ഭൂരിഭാഗം ഗ്രൗണ്ടുകളും ബാറ്റർമാർക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാണ് ഒരുക്കാറെങ്കിലും ഗ്രീൻഫീൽഡിലെ ട്വന്റി20മത്സരങ്ങളുടെ അനുഭവം വ്യത്യസ്തമാണ്. കഴിഞ്ഞ മൂന്ന് ട്വന്റി20യിലും കാര്യവട്ടത്ത് 175 മുകളിൽ റൺസ് അടിക്കാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. 2022 സെപ്റ്റംബർ 28ന് ഇവിടെ നടന്ന അവസാന ട്വന്റി20 ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് ഇന്ത്യക്കെതിരെ അടിച്ചെടുക്കാൻ സാധിച്ചത് 106 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അതുകൊണ്ടുതന്നെ ഗ്രീൻഫീൽഡിലെ പിച്ചുകളെ ലോ സ്കോറിങ് പിച്ചുകളായും ബൗളർമാരുടെ പറുദീസയുമായാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വിലയിരുത്തുന്നത്.
ലോകകപ്പിനോട് അനുബന്ധിച്ച് ഐ.സി.സി പുറത്തിറക്കിയ ബുക്ക്ലെറ്റിലും കാര്യവട്ടത്തിനെതിരെ ഇത്തരമൊരു വിധിയെഴുത്തുണ്ടായിരുന്നു. ഇത്തരം ‘അപവാദ’ങ്ങളെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിലാണ് ഇത്തവണ കേരള ക്രിക്കറ്റ് അസോസിയേഷൻ. അതിനായി ജനുവരിയിൽ ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിനായി ഉപയോഗിച്ച പിച്ചാണ് മത്സരത്തിനായി മെരുക്കി എടുത്തിരിക്കുന്നത്. ബാറ്റർമാർക്ക് ആറാടാൻ തയാറാക്കിയിരിക്കുന്ന ഫ്ലാറ്റ് വിക്കറ്റിൽ ബൗളർമാർക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കണമെങ്കിൽ അടുത്ത 12 മണിക്കൂറിൽ കാലാവസ്ഥ ചതിക്കണമെന്ന് കെ.സി.എ ഉറപ്പിച്ച് പറയുന്നു.
ആസ്ട്രേലിയക്കെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ ആദ്യ മത്സരത്തിലെ തകർപ്പൻ ജയവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലെ യുവ ഇന്ത്യ ഞായറാഴ്ച ഗ്രീൻഫീൽഡിൽ ഇറങ്ങുക. വിശാഖപട്ടണത്ത് നടന്ന ആദ്യമത്സരത്തിൽ ആസ്ട്രേലിയ ഉയർത്തിയ 208 റൺസ് ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അടുത്ത വർഷം ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീം അംഗങ്ങൾക്ക് കൂടുതൽ മത്സരങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്.
അതിനാൽ ആദ്യമത്സരത്തിലെ 11അംഗ സംഘത്തെതന്നെയാകും രണ്ടാം മത്സരത്തിലും കോച്ച് വി.വി.എസ്. ലക്ഷ്മൺ ഇറക്കുക. അതേസമയം, ആസ്ട്രേലിയൻ നിരയിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ആദ്യ മത്സരത്തിന് ഇറങ്ങാതിരുന്ന അവരുടെ ഏകദിന ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് അന്തിമ ഇലവനിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ശനിയാഴ്ച ഗ്രീൻഫീൽഡിൽ ഹെഡ് ബാറ്റിങ് പരിശീലനത്തിന് ഇറങ്ങിയിരുന്നു. ബൗളിങ് നിരയിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് , ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, ആവേഷ് ഖാൻ, മുകേഷ് കുമാർ.
ആസ്ട്രേലിയ: മാത്യു വെയ്ഡ് (ക്യാപ്റ്റൻ), ആരോൺ ഹാർഡി, ജേസൺ ബെഹ്റൻഡോർഫ്, സീൻ അബോട്ട്, ടിം ഡേവിഡ്, നതാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർകസ് സ്റ്റോയിനിസ്, കെയ്ൻ റിച്ചാർഡ്സൺ, ആഡം സാംപ.
മഴ കളിക്കുമോ?
വരും മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിൽ മഴ ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഥവാ മഴപെയ്താലും ഒരു മണിക്കൂറിലധികം നീളാനുള്ള സാധ്യത കുറവാണ്. എന്നാൽ, കളിക്കിടയിൽ ഒരു മണിക്കൂർ മഴ പെയ്താലും മത്സരം പൂർത്തിയാക്കാൻ കഴിയുമെന്ന് ക്യൂറേറ്റർ ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു. മിനിറ്റുകൾക്കുള്ളിൽതന്നെ ഗ്രൗണ്ടിലെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ കാര്യവട്ടത്ത് നിശ്ചയിച്ചിരുന്ന ഇന്ത്യയുടേതടക്കമുള്ള നാല് ലോകകപ്പ് സന്നാഹമത്സരങ്ങളും മഴയിൽ ഒലിച്ചു പോയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.