‘സഹായിക്കാൻ നമുക്ക് ഒരുമിച്ച് നില്‍ക്കാം’; ചെന്നൈയിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് ഡേവിഡ് വാർണർ
text_fieldsമെല്‍ബണ്‍: മിഗ്ജോം ചുഴലിക്കാറ്റിലും കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ചെന്നൈക്കാരെ ചേർത്തുപിടിച്ച് ആസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ. ഇൻസ്‍റ്റഗ്രാമിൽ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ വിഡിയോ പങ്കുവെച്ച വാർണർ പ്രദേശവാസികളെ പിന്തുണക്കണമെന്ന് ഫോളോവേഴ്സിനോട് അഭ്യർഥിക്കുകയും ചെയ്തു.
‘ചെന്നൈയിലെ പല പ്രദേശങ്ങളെയും ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഞാന്‍ ഏറെ ആശങ്കാകുലനാണ്. ഈ പ്രകൃതിദുരന്തത്തിനിരയായ എല്ലാവര്‍ക്കുമൊപ്പം ഞാനുമുണ്ട്. എല്ലാവരും സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണ്. ആവശ്യമെങ്കില്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോവുക. നിങ്ങൾക്ക് സഹായിക്കാൻ കഴിയുന്ന സാഹചര്യമാണെങ്കില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നത് പരിഗണിക്കുക. ആവശ്യമുള്ളവര്‍ക്ക് സഹായവും വാഗ്ദാനം ചെയ്യാം. പിന്തുണക്കാൻ നമുക്ക് ഒരുമിച്ച് നില്‍ക്കാം’ -വാർണർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിനും ആശങ്ക പങ്കുവെച്ച് എക്‌സില്‍ കുറിപ്പിട്ടിരുന്നു. ഞാന്‍ താമസിക്കുന്ന പ്രദേശത്ത് 30 മണിക്കൂറായി വൈദ്യുതിയില്ല. വിവിധ പ്രദേശങ്ങളില്‍ ഇങ്ങനെ തന്നെയാണെന്നാണ് അറിയുന്നത്. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി. കൂടെ വിഡിയോയും താരം പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.