'ജയിച്ചൊരുങ്ങാം'; ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsമൊഹാലി: ഏകദിന ലോകകപ്പിനൊരുങ്ങുന്ന ആതിഥേയർക്ക് ഇത് പ്രതീക്ഷയുടെ പോരാട്ടം. ലോക മാമാങ്കത്തിന് ദിവസങ്ങൾ ബാക്കിനിൽക്കേ, മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യയും ആസ്ട്രേലിയയും ഇന്ന് കൊമ്പുകോർക്കും.
ഉച്ചക്ക് 1.30ന് മൊഹാലിയിലാണ് മത്സരം. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോഹ്ലി, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം നൽകിയ ഇന്ത്യയെ കെ.എൽ. രാഹുലാണ് നയിക്കുക. ഇന്ത്യൻനിരയിൽ സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ആർ. അശ്വിൻ, വാഷിങ്ടൺ സുന്ദർ തുടങ്ങിയ താരങ്ങൾക്കെല്ലാം ഈ പരമ്പര നിർണായകമാണ്. പരിക്കു കാരണം കഴിഞ്ഞ ആറുമാസമായി അയ്യർ കളിക്കുന്നില്ല.
ഈ താരത്തിന്റെ ഫിറ്റ്നസ് ടീം മാനേജ്മെന്റ് കൃത്യമായി നിരീക്ഷിക്കും. ആസ്ട്രേലിയക്കെതിരെ കഴിഞ്ഞ പരമ്പരയിൽ തുടർച്ചയായി മൂന്നു തവണ പൂജ്യത്തിന് പുറത്തായ സൂര്യകുമാറിന് ലോകകപ്പിനുമുമ്പ് ഏകദിനത്തിൽ കഴിവ് തെളിയിക്കാനുള്ള അവസരമാണ്.
അക്സർ പട്ടേലിന് പരിക്ക് ഭേദമായില്ലെങ്കിൽ മറ്റൊരു സ്പിന്നർക്ക് അവസരമുണ്ട്. നാട്ടുകാരായ ആർ. അശ്വിനും വാഷിങ്ടൺ സുന്ദറും തമ്മിലാണ് മത്സരം. അടുത്തകാലത്ത് ടീമിലെത്തിയിട്ടില്ലെങ്കിലും അശ്വിനാണ് മുൻതൂക്കം. ഇന്ന് രവീന്ദ്ര ജദേജക്കൊപ്പം വാഷിങ്ടണും ഇലവനിലുണ്ടാകും.
ഒക്ടോബർ എട്ടിന് ലോകകപ്പ് ഗ്രൂപ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ട്. ദക്ഷിണാഫ്രിക്കയോട് 2-3ന് ഏകദിന പരമ്പര തോറ്റെങ്കിലും ശക്തമായ ടീമുമായാണ് ഓസീസ് എത്തിയത്. പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ടീമിൽ അലക്സ് കാരി, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ജോഷ് ഹെയ്സൽവുഡ്, മാർനസ് ലെബുഷെയ്ൻ തുടങ്ങിയ താരങ്ങളുണ്ട്.
ഗ്ലെൻ മാക്സ് വെൽ ഇന്ന് ടീമിനൊപ്പം ചേരും. നാലു വർഷത്തിനുശേഷമാണ് മൊഹാലിയിൽ ഏകദിന മത്സരം അരങ്ങേറുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുശേഷം നവംബർ 23ന് ട്വന്റി20 പരമ്പരയുമുണ്ട്. രണ്ടാം ട്വന്റി20 നവംബർ 26ന് തിരുവനന്തപുരത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.