'കോഹ്ലി മികച്ച ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ഒരാളല്ല'; വാഴ്ത്തുപാട്ടുകളുടെ കാലത്താണ് നിങ്ങൾ ജീവിക്കുന്നതെന്ന് മഞ്ജരേക്കർ
text_fieldsന്യൂഡൽഹി: മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻമാരുടെ പട്ടികയിൽ വിരാട് കോഹ്‌ലിയെ ഉൾപെടുത്താനാവില്ലെന്ന് ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. കപിൽ ദേവ്, സൗരവ് ഗാംഗുലി, എം.എസ്. ധോണി എന്നിവരെല്ലാം കോഹ്‌ലിയെക്കാൾ മികച്ച ക്യാപ്റ്റൻമാരായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ പറഞ്ഞു.
'മികച്ച കളിക്കാരെക്കുറിച്ച് പറയുമ്പോൾ ഇന്ത്യയിലെ മുൻ ക്യാപ്റ്റൻമാരെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെയധികം തിരിച്ചടികൾ നേരിട്ടിരുന്ന കാലത്താണ് കപിൽ ദേവ് ടീമിനെ നയിച്ചിരുന്നത്. 1983ൽ ലോകകപ്പ് നേടുകയും ചെയ്തു. പ്രതിസന്ധികളിൽ ഇന്ത്യൻ ടീമിന് ഊർജം പകർന്നു നൽകിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. സുനിൽ ഗവാസ്കറും ഇന്ത്യയ്ക്ക് വിജയങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. അതിനാൽ ഇവരെല്ലാം മികച്ച നായകന്മാരാണ്. ഇത് സമൂഹ മാധ്യമങ്ങളുടെ കാലമായതിനാൽ പ്രശസ്തി കൂടുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് 10 വർഷം മുൻപ് ആരംഭിച്ചതല്ല. അതുകൊണ്ടുതന്നെ വിരാട് കോഹ്ലിയേക്കാൾ മുകളിലാണ് ഇവരുടെ സ്ഥാനമെന്ന് ഞാൻ വിശ്വസിക്കുന്നു.'– മഞ്ജരേക്കർ വ്യക്തമാക്കി.
അതേസമയം കോഹ്ലിയുടെ മികവിനെ പ്രശംസിക്കാനും മഞ്ജരേക്കര്‍ മറന്നില്ല. അവസാനം വരെ പൊരുതാനുള്ള മനോഭാവം കളിക്കാരില്‍ നിറച്ചത് കോഹ്ലിയാണെന്നും ടീമിന് ഒന്നാകെ ഊര്‍ജ്ജം പകരാന്‍ അദ്ദേഹം സന്നദ്ധനായിരുന്നെന്നും മഞ്ജരേക്കര്‍ പറഞ്ഞു. പക്ഷേ മത്സരഫലങ്ങൾ പലപ്പോഴും കോഹ്ലിക്ക് എതിരായിരുന്നു. ഐ.സി.സി ടൂര്‍ണമെന്‍റുകളിലെ കിരീടങ്ങളുടെ കാര്യമെടുക്കുമ്പോള്‍ കോഹ്ലി പിന്നിലായി പോകുന്നുവെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
2017 ചാംപ്യൻസ് ട്രോഫി ഫൈനൽ, 2019 ഏകദിന ലോകകപ്പ് സെമിഫൈനൽ, 2021 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ എന്നിവയിൽ കോഹ്ലിക്ക് കീഴിൽ ഇറങ്ങിയ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. 2021 ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്തായി.
68 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലി 40 എണ്ണത്തിൽ വിജയം നേടിക്കൊടുത്തു. പരിമിത ഓവർ ക്രിക്കറ്റിലെ നായക സ്ഥാനം നഷ്ടമായതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് ശേഷം കോഹ്‍ലി ടെസ്റ്റ് നായക സ്ഥാനവും രാജിവെച്ചിരുന്നു. ടെസ്റ്റിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിക്കൊടുത്ത നായകനാണ് കോഹ്‍ലി. വിദേശ പിച്ചുകളിൽ മുട്ടിടിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ മനോഭാവം മാറ്റുന്നതിൽ കോഹ്‍ലി വഹിച്ച പങ്ക് ചില്ലറയല്ല. ലിമിറ്റഡ് ഓവർ നായകൻ രോഹിത് ശർമ, കെ.എൽ. രാഹുൽ, ആർ. അശ്വിൻ, ജസ്പ്രീത് ബൂംറ എന്നീ താരങ്ങളുടെ പേരാണ് കോഹ്‍ലിയുടെ പകരക്കാരന്റെ റോളിലേക്ക് ഉയർന്ന് കേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.