പൊട്ടിത്തെറിച്ച് ലോർഡ്സിലെ കാണികൾ; അതാ ഗാലറിയിൽ സചിനും ഗാംഗുലിയും -VIDEO
text_fieldsക്രിക്കറ്റിന്‍റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ലോർഡ്സ് മൈതാനത്തിന്‍റെ ഗാലറിയിലെ വി.ഐ.പി ലോഞ്ചിൽ സാക്ഷാൽ സചിൻ തെണ്ടുൽകറും സൗരവ് ഗാംഗുലിയും പ്രത്യക്ഷപ്പെട്ടപ്പോൾ നിലയ്ക്കാത്ത ആഹ്ലാദാരവങ്ങളോടെ എതിരേറ്റ് കാണികൾ. ഒരുകാലത്ത് ലോകക്രിക്കറ്റിനെ അടക്കിവാണ താരങ്ങളെ വീണ്ടും ഒരുമിച്ച് കണ്ടതിന്‍റെ സന്തോഷത്തിലായിരുന്നു ലോർഡ്സിലെ കാണികൾ. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാംമത്സരം കാണാനായാണ് സചിനും ഗാംഗുലിയും എത്തിയത്.
ലോകക്രിക്കറ്റിലെ തന്നെ മികച്ച ഓപ്പണിങ് ജോഡികളിലൊന്നായ സചിനെയും ഗാംഗുലിയെയും കൂറ്റൻ സ്ക്രീനിൽ കാണിച്ചപ്പോഴൊക്കെയും ഗാലറിയിൽ ആരവങ്ങളുയർന്നു.
ജൂലൈ എട്ടിന് ലണ്ടനിൽ നടന്ന ഗാംഗുലിയുടെ ജന്മദിനാഘോഷത്തിന് സചിനും പങ്കെടുത്തിരുന്നു. ഗാംഗുലിയുടെ പ്രിയപ്പെട്ട മൈതാനം കൂടിയാണ് ലോർഡ്സ്. 1996ൽ ഗാംഗുലിയുടെ ടെസ്റ്റ് അരങ്ങേറ്റം ലോർഡ്സിലായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു.
2002ൽ ഗാംഗുലിയുടെ നായകത്വത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി നാറ്റ് വെസ്റ്റ് ട്രോഫി നേടിയതും ലോർഡ്സിലാണ്. ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, യുവരാജ് സിങ്ങിന്‍റെയും മുഹമ്മദ് കൈഫിന്‍റെയും ബാറ്റിങ് മികവിൽ ലക്ഷ്യം നേടുകയായിരുന്നു. നാറ്റ് വെസ്റ്റ് ട്രോഫി നേടിയതിന്‍റെ 20ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം.
സചിനെയും ഗാംഗുലിയെയും ലോർഡ്സിൽ ഒരുമിച്ച് കണ്ടതിന്‍റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും ചിത്രങ്ങളുമായി നിരവധി പോസ്റ്റുകളാണ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.