ആസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനവും തോറ്റു; ഇന്ത്യൻ വനിതകൾക്ക് പരമ്പര നഷ്ടം
text_fieldsബ്രിസ്ബേൻ: തുടർച്ചയായ രണ്ടാം ഏകദിനവും തോറ്റ ഇന്ത്യൻ വനിതകൾ ആസ്ട്രേലിയക്കെതിരായ മൂന്ന് മത്സര പരമ്പര കൈവിട്ടു. 122 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യക്കായി മലയാളി താരം മിന്നു മണി ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഓപണർ ജോർജിയ വോളിന്റെയും (87 പന്തിൽ 101) എല്ലിസ് പെറിയുടെയും (75 പന്തിൽ 105) ശതകങ്ങളുടെ ബലത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റിന് 371 റൺസെന്ന കൂറ്റൻ സ്കോറിലെത്തി. ഇന്ത്യ 44.5 ഓവറിൽ 249ന് ഓൾ ഔട്ടായി. 45 പന്തിൽ 46 റൺസുമായി മിന്നു പുറത്താവാതെ നിന്നു. രണ്ട് വിക്കറ്റും മിന്നു വീഴ്ത്തി.
ആസ്ട്രേലിയക്കായി ഓപണർ ഫീബ് ലിച്ച്ഫീൽഡും (60) ബെത്ത് മൂണിയും (56) അർധ ശതകങ്ങൾ നേടി. മൂണിയുടെയും സോഫി മോളിന്യൂസിന്റെയും വിക്കറ്റുകളാണ് മിന്നുവിന് ലഭിച്ചത്. ഒമ്പത് ഓവർ എറിഞ്ഞ വയനാട്ടുകാരി പക്ഷേ, 71 റൺസ് വഴങ്ങി. 54 റൺസെടുത്ത ഓപണർ റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ജെമീമ റോഡ്രിഗസ് 43ഉം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 38ഉം റൺസിന് മടങ്ങി. ആസ്ട്രേലിയൻ ബൗളർമാരിൽ അന്നബെൽ സതർലൻഡ് നാല് വിക്കറ്റുമായി മിന്നിയപ്പോൾ ഇന്ത്യക്കായി സൈമ താക്കൂർ മൂന്നുപേരെ പുറത്താക്കി. അവസാന ഏകദിനം ഡിസംബർ 11ന് പെർത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.