0, 15, 2...; 27 കോടിക്ക് ടീമിലെത്തിയ പന്തിന് റൺ നേടാനാകുന്നില്ല, ഉടക്കി ടീം ഉടമ?
text_fieldsലഖ്നോ: ഐ.പി.എൽ മെഗാലേലത്തിൽ റെക്കോഡ് തുകയായ 27 കോടി രൂപക്കാണ് ലഖ്നോ സൂപ്പർ ജയന്‍റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലുൾപ്പെടെ ഡൽഹി ഫ്രാഞ്ചൈസിക്കു വേണ്ടി കളത്തിലിറങ്ങിയ നായകനെ വൻ പ്രതീക്ഷയോടെയാണ് ടീം മാനേജ്മെന്‍റ് വരവേറ്റതും. എന്നാൽ സീസണിൽ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ബാറ്റിങ്ങിൽ ഫോം കണ്ടെത്താനാകാതെ ഉഴറുകയാണ് ലഖ്നോ നായകൻ.
0, 15, 2 എന്നിങ്ങനെയാണ് പന്തിന്‍റെ ബാറ്റിൽനിന്ന് മൂന്ന് മത്സരങ്ങളിൽ പിറന്ന സ്കോർ. ഇതോടെ ആരാധകർ ‘27 കോടിയുടെ പരാജയം’ എന്ന ലേബൽ പന്തിന് നൽകിയിരിക്കുകയാണ്. കഴിഞ്ഞ രാത്രി പഞ്ചാബ് കിങ്സിനെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പന്തുമായി തർക്കത്തിലേർപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനിടെ വൈറലായി. ഗോയങ്ക സംസാരിക്കുമ്പോൾ പന്ത് നിശ്ശബ്ദനായി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റപ്പോഴും സമാന രീതിയിൽ ഗോയങ്ക പന്തിനോട് തർക്കിക്കുന്നതായുള്ള ദൃശ്യങ്ങൾ വന്നിരുന്നു. മത്സരത്തിനിടെ ക്യാപ്റ്റൻ സ്വീകരിക്കുന്ന തീരുമാനത്തിൽ ഗോയങ്ക വിശദീകരണം ചോദിക്കുന്നുവെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. കഴിഞ്ഞ സീസണിൽ ലഖ്നോ ടീമിന്‍റെ നായകനായിരുന്ന കെ.എൽ. രാഹുലുമായും ഗോയങ്ക ഗ്രൗണ്ടിൽവച്ച് തർക്കത്തിലേർപ്പെട്ടിരുന്നു.
ആദ്യ മത്സരത്തിൽ ഡൽഹിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ സൺറൈഴ്സിനെതിരെ ലഖ്നോ ജയം പിടിച്ചിരുന്നു. പഞ്ചാബിനെതിരെ വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനമായി. മത്സരശേഷം തങ്ങൾക്ക് പൊരുതാൻ 20-25 റൺസ് കൂടി വേണമായിരുന്നുവെന്ന് പന്ത് പ്രതികരിച്ചു. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായാൽ പിന്നീട് റൺനിരക്ക് കുറയും. എന്നാൽ സ്കോർ ചെയ്യാൻ എല്ലാവരും ശ്രമിച്ചു. അടുത്ത മത്സരങ്ങളെ പോസിറ്റിവായി കാണാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും പന്ത് പറഞ്ഞു. മത്സരത്തിൽ എട്ടു വിക്കറ്റിനാണ് പഞ്ചാബ് ജയം പിടിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.