‘15 പന്തിൽ 50’- സ്കോറിങ് ത്രില്ലറിൽ പൂരം തീർത്ത് പൂരാൻ
text_fieldsകളി സ്വന്തം മൈതാനത്താകുമ്പോൾ ജയം എളുപ്പം പിടിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട് കോഹ്‍ലിപ്പടക്ക്. ഏറ്റവുമൊടുവിൽ 171 റൺസ് എന്ന വിജയലക്ഷ്യം അവർ അടിച്ചെടുത്തത് 16.2 ഓവറിലായിരുന്നു. അതും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. ഇത്തവണ ലഖ്നോക്കെതിരെ ആദ്യം ബാറ്റിങ് ലഭിച്ച് അത്രയും വിക്കറ്റിന് 212 റൺസ് ഉയർത്തിയ ടീം തീർച്ചയായും അത് വിജയത്തിന്റെ തുടക്കമാണെന്ന് ഉറപ്പിച്ചതാണ്. എന്നാൽ, ആയുഷ് ബദോനിയെ കൂട്ടുപിടിച്ച് നികൊളാസ് പൂരാൻ നടത്തിയ വെടിക്കെട്ടിൽ എല്ലാം തകർന്നുതരിപ്പണമായി. അവസാന പന്തു വരെ നീണ്ട ആവേശത്തിൽ ലഖ്നോ ജയവുമായി മടങ്ങുകയും ചെയ്തു.
ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ബാംഗ്ലൂർ നിരയിൽ വിരാട് കോഹ്‍ലി, ഫാഫ് ഡൂ പ്ലസി, െഗ്ലൻ മാക്സ്വെൽ എന്നിവരൊക്കെയും അർധ സെഞ്ച്വറി കടന്ന് 212 എന്ന കൂറ്റൻ സ്കോറാണ് ടീം ഉയർത്തിയിരുന്നത്. അവസാന പന്തിൽ ഇറങ്ങി ഒരു റൺസ് എടുത്ത കാർത്തിക്കൊഴികെ എല്ലാം ആദ്യ മൂവർ സംഘത്തിന്റെ സംഭാവനയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ തുടക്കം പതറി പ്രതിരോധത്തിലായി. നാല് ഓവറിൽ മൂന്നുവിക്കറ്റിന് 23ൽ നിൽക്കെ മാർകസ് സ്റ്റോയിനിസ് എത്തിയ ശേഷമാണ് കാര്യങ്ങൾ മാറുന്നത്. ഒരു ഘട്ടത്തിൽ ഓവറിൽ 13 റൺസ് ശരാശരി വരെയായി ലക്ഷ്യം ഉയർന്നെങ്കിലും പിന്നീട് തകർത്തടിച്ച സ്റ്റോയിനിസ് ഹർഷലിന്റെ ഒരോവറിൽ 6, 4, 4 എടുത്തു. ഷഹബാസ് അഹമദിനെ രണ്ടു സിക്സർ പറത്തിയ താരം 25 പന്തിൽ അർധ സെഞ്ച്വറി കടന്നു. വ്യക്തിഗത സ്കോർ 65ൽ നിൽക്കെ സ്റ്റോയിനിസ് മടങ്ങിയെങ്കിലും അതിനെക്കാൾ വലുത് വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.
56 പന്തിൽ 114 റൺസ് എന്ന വലിയ ലക്ഷ്യം മുന്നിലിരിക്കെയാണ് പൂരാൻ എത്തുന്നത്. നേരിട്ട രണ്ടാം പന്തുതന്നെ അതിർത്തി കടത്തിയ പൂരാൻ അഞ്ചു പന്തിൽ 10 റൺസിലെത്തിയ ശേഷമായിരുന്നു അടിയോടടി. 15 പന്തിൽ അർധ സെഞ്ച്വറി തൊട്ട താരം 19 പന്തിൽ 62ലുമെത്തി. ഐ.പി.എൽ ചരിത്രത്തിൽ അതിവേഗ അർധ സെഞ്ച്വറിയുടെ റെക്കോഡിനൊപ്പമെത്തിയ പൂരാൻ ഏഴു സിക്സും നാലു ഫോറും നേടി. ലോങ് ഓൺ, സ്ക്വയർ ലെഗ്, എക്സ്‍ട്രാ കവർ, ഫൈൻ ലെഗ് എന്നിങ്ങനെ മൈതാനത്തിന്റെ എല്ലാ വശത്തേക്കും പന്ത് പറന്നതോടെ ഫീൽഡർമാർ ശരിക്കും കാഴ്ചക്കാരായി.
പൂരാൻ മടങ്ങുമ്പോൾ 18 പന്തിൽ 24 റൺസ് മതിയായിരുന്ന ലഖ്നോ മുടന്തിയാണെങ്കിലും ലക്ഷ്യം പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.