അടിക്ക് തിരിച്ചടി; ചെന്നൈക്കെതിരെ ആറു വിക്കറ്റ് ജയവുമായി ലഖ്നോ
text_fieldsമുംബൈ: ഉദ്വേഗം ഇരുവശത്തും മാറിമറിഞ്ഞ ഉശിരൻ പോരിൽ അവസാന ചിരി ലഖ്നോ സൂപർ ജയന്റ്സിന്. വലിയ ടോട്ടൽ കുറിച്ച് എതിരാളികളെ സമ്മർദത്തിലാക്കുകയും പിന്നീട് ബൗളിങ് മികവുമായി വിജയത്തോളം എത്തുകയും ചെയ്തതിനൊടുവിലാണ് അവസാന ഓവറിൽ ലഖ്നോ ആറു വിക്കറ്റ് ജയവുമായി മടങ്ങിയത്. സ്കോർ ചെന്നൈ 210/7, ലഖ്നോ 211/4.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ലഖ്നോ നായകൻ കെ.എൽ രാഹുലിന്റെ തീരുമാനം പാളിയെന്ന് തോന്നിച്ച് ചെന്നൈ ബാറ്റർമാർ സംഹാരമാടുന്നതായിരുന്നു കാഴ്ച. അർധ സെഞ്ച്വറിയുമായി റോബിൻ ഉത്തപ്പ തുടക്കമിട്ടത് മുഈൻ അലിയും പിന്നീട് അംബാട്ടി റായുഡുവും ഒടുവിൽ ശിവം ദുബെയയും പൂർത്തിയാക്കിയപ്പോൾ എതിരാളികൾക്ക് മുന്നിൽ ചെന്നൈ കുറിച്ചത് 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം.
ഋതുരാജ് ഗെയ്ക്‍വാദിനൊപ്പം ഇന്നിങ്സ് തുടങ്ങാനെത്തിയ റോബിൻ ഉത്തപ്പ തുടക്കത്തിലേ വെടിക്കെട്ടുമായി വരാനിരിക്കുന്നതിന്റെ സൂചന നൽകി. ഗെയ്ക്‍വാദ് ഒറ്റ റണ്ണുമായി കൂടാരം കയറിയപ്പോൾ പിറകെ വന്ന മുഈൻ അലിയെ കൂട്ടിയായിരുന്നു ഉത്തപ്പ ഷോ. 27 പന്തു നേരിട്ട താരം എട്ടു ഫോറും ഒരു സിക്സും പറത്തി 50 തൊട്ടു.
പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി മടക്കം. പിന്നാലെ മുഈൻ അലി 35 റൺസിൽ നിൽക്കെ ആവേശ് ഖാന് വിക്കറ്റ് സമ്മാനിച്ചു പവലിയനിലെത്തി. പതറാതെ മുന്നോട്ടുപോയ ചെന്നൈ ബാറ്റിങ്ങിന് ഇത്തവണ ശിവം ദുബെയുടെ ചിറകേറിയായിരുന്നു തുടർ യാത്ര. 29 പന്തിൽ 49ലെത്തിയ ദുബെ അർധ സെഞ്ച്വറി തികക്കാൻ ആഞ്ഞുവീശിയത് ലൂയിസിന്റെ കൈകളിൽ വിശ്രമിച്ചു.
നേരിട്ട ആദ്യ പന്ത് ഗാലറിയിലെത്തിച്ച ധോണി 16 ഉം രവീന്ദ്ര ജഡേജ 17ഉം റൺസ് നേടി. നന്നായി തല്ലുകൊണ്ട ലഖ്നോ ബൗളിങ്ങിൽ രണ്ടു വീതം വിക്കറ്റെടുത്ത് ആവേശ് ഖാൻ, ആൻഡ്രൂ ടൈ, രവി ബിഷ്‍ണോയ് എന്നിവർ മാത്രമായിരുന്നു ശരാശരി പ്രകടനം നടത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഓപണിങ് ജോഡികളായ ക്യാപ്റ്റൻ കെ.എൽ രാഹുലും ക്വിൻൺ ഡി കോക്കും ചേർന്ന് ടീമിനെ സുരക്ഷിത തീരത്തെത്തിച്ചു. 40 റൺസെടുത്ത രാഹുലാണ് ആദ്യം മടങ്ങിയത്. തകർത്തടിച്ച ഡി കോക്ക് വിലപ്പെട്ട 61 റൺസ് പൂർത്തിയാക്കി ധോണിക്ക് ക്യാച്ച് നൽകി തിരികെയെത്തി.
എന്നാൽ, അർധ സെഞ്ച്വറി കടന്ന എവിൻ ലൂയിസും ആയുഷ് ബദോനിയും ചേർന്ന് ടീമിനെ വിജയ തീരത്തെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.