ലഖ്നോയെ കറക്കി വീഴ്ത്തി മോയിൻ അലി; ചെന്നൈക്ക് ആദ്യജയം
text_fieldsചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപർ കിങ്സ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ലഖ്നോ പൊരുതിവീണു. 12 റൺസിനാണ് ധോണിപ്പടയുടെ ജയം. 218 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നോവിനായി ഓപണർ കെയ്ൽ മെയേഴ്സ് (22 പന്തിൽ 53) വെടിക്കെട്ട് ബാറ്റിങ്ങുമായി ചെന്നൈയെ വിറപ്പിച്ചെങ്കിലും മോയിൻ അലിയുടെ പന്തിൽ കോൺവെ പിടിച്ച് പുറത്തായത് തിരിച്ചടിയായി. ക്യാപ്റ്റൻ
കെ.എൽ രാഹുലിനൊപ്പം (18 പന്തിൽ 20) ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 5.3 ഓവറിൽ 79 റൺസ് അടിച്ചാണ് മെയേഴ്സ് മടങ്ങിയത്. ദീപക് ഹൂഡ (രണ്ട്) ക്രുണാൽ പാണ്ഡ്യ (ഒമ്പത്) എന്നിവർ വേഗത്തിൽ പുറത്തായി. മാർകസ് സ്റ്റോയിനിസും (18 പന്തിൽ 21), നികൊളാണ് പൂരനും (18 പന്തിൽ 32), ആയുഷ് ബദോനിയും (18 പന്തിൽ 23) കൃഷ്ണപ്പ ഗൗതമും (11 പന്തിൽ പുറത്താവാതെ 17), മാർക് വുഡും (മൂന്ന് പന്തിൽ 10) പൊരുതി നോക്കിയെങ്കിലും നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ചെന്നൈക്കായി മോയിൻ അലി നാലോവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോൾ തുഷാർ ദേശ്പാണ്ഡെ രണ്ടും മിച്ചൽ സാൻഡ്നർ ഒന്നും വിക്കറ്റ് നേടി.
നേരത്തെ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ച്വറിയുമായി കളം നിറഞ്ഞ ഋതുരാജ് ഗെയ്ക്‍വാദിന്റെ മികവിലാണ് ചെന്നൈ മികച്ച സ്കോർ നേടിയത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. 31 പന്തിൽ നാല് സിക്സും മൂന്ന് ഫോറും സഹിതം 57 റൺസ് നേടിയ ഋതുരാജും 29 പന്തിൽ 47 റൺസെടുത്ത ദെവോൺ കോൺവെയും ചേർന്ന് ആതിഥേയർക്ക് മികച്ച തുടക്കമാണ് നൽകിയത്. ഓപണിങ് വിക്കറ്റിൽ 9.1 ഓവറിൽ ഇരുവരും ചേർന്ന് 110 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഋതുരാജിനെ രവി ബിഷ്‍ണോയിയുടെ പന്തിൽ മാർക് വുഡ് പിടിച്ച് പുറത്താക്കുകയായിരുന്നു. കോൺവെയെ വുഡിന്റെ പന്തിൽ ക്രുണാൽ പാണ്ഡ്യയും പിടികൂടി. വൺഡൗണായെത്തിയ ശിവം ദുബെയും മോശമാക്കിയില്ല. 16 പന്ത് നേരിട്ട് 27 റൺസ് താരം സ്കോർബോർഡിൽ കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നേരിട്ട മൂന്ന് പന്തിൽ രണ്ടും സിക്സറടിച്ച് കാണികളിൽ ഹരം പകർന്നെങ്കിലും മൂന്നാം പന്തിൽ പുറത്തായി. അമ്പാട്ടി റായുഡു 14 പന്ത് നേരിട്ട് പുറത്താവാതെ 27 റൺസ് നേടി. മോയിൻ അലി (19), ബെൻ സ്റ്റോക്സ് (എട്ട്), രവീന്ദ്ര ജദേജ (മൂന്ന്), മിച്ചൽ സാന്റ്നർ (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ലക്നൗവിനായി മാർക് വുഡ്, രവി ബിഷ്‍ണോയ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ആവേശ് ഖാൻ ഒരു വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.