ഡൽഹിക്കെതിരെ ആറുവിക്കറ്റ് ജയവുമായി ലഖ്നോ
text_fieldsപുണെ: തുടങ്ങാനെത്തി അടിയോടടിയുമായി നിറഞ്ഞുനിന്ന ക്വിൻൺ ഡി കോക്കിന്റെ മാസ്മരിക ഇന്നിങ്സ് കരുത്തിൽ തുടർച്ചയായ മൂന്നാം ജയവുമായി ലഖ്നോ. ആദ്യ ഇന്നിങ്സിൽ പ്രിഥ്വി ഷായും മറുപടിയിൽ ഡി കോക്കും അർധ സെഞ്ച്വറി കുറിച്ച പോരാട്ടത്തിൽ ഡൽഹിയെ ആറുവിക്കറ്റിന് ആണ് ലഖ്നോ മറികടന്നത്. സ്കോർ: ഡൽഹി 149/3. ലഖ്നോ: 155/4.
ഓസീസ് വെടിക്കെട്ടുകാരൻ ഡേവിഡ് വാർണറെ ഒരു വശത്ത് കാഴ്ചക്കാരനാക്കി പ്രിഥ്വി ഷാ അതിവേഗം അർധ സെഞ്ച്വറി കുറിച്ച കളിയിൽ ഡൽഹി ഉയർത്തിയത് ചെറിയ വിജയ ലക്ഷ്യം. ഷാ തുടക്കമിട്ടത് മധ്യനിരയിൽ ഋഷഭ് പന്തും സർഫറാസ് ഖാനും ഏറ്റെടുത്താണ് ഡൽഹിക്ക് പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചത്.
ടോസ് ലഭിച്ച് ഫീൽഡിങ് തെരഞ്ഞെടുത്ത ലഖ്നോ നായകനെ ശരിക്കും ശിക്ഷിച്ചായിരുന്നു ഷായുടെ തുടക്കം. ആദ്യ ഓവർ എറിഞ്ഞ ഹോൾഡറെ ബഹുമാനത്തോടെ വിട്ട ഷാ, ഗൗതം എറിഞ്ഞ രണ്ടാം ഓവർ മുതൽ അടി തുടങ്ങി. ഈ ഓവറിൽ രണ്ടു വട്ടം അതിർത്തി കടത്തിയതിനു പിറകെ അടുത്ത ഓവറിൽ ഹോൾഡർക്കും കിട്ടി കണക്കിന് പ്രഹരം. മറുവശത്ത് റണ്ണെടുക്കാൻ മടിച്ച് വാർണർ കാഴ്ചക്കാരനായപ്പോഴും ഷാ പ്രഹരം തുടർന്നു. ആവേശ് ഖാൻ എറിഞ്ഞ നാലാം ഓവറിൽ തുടർച്ചയായ മൂന്ന് പന്ത് ബൗണ്ടറി കടത്തിയതോടെ വലിയ സ്കോറിലേക്ക് ടീം നീങ്ങുന്നുവെന്ന് തോന്നിച്ചെങ്കിലും വൈകാതെ ഷാ മടങ്ങി. ഗൗതമിന്റെ പന്തിൽ ഡി കോക്കിന് ക്യാച്ച് നൽകിയായിരുന്നു 61 റൺസെടുത്ത് മടക്കം. 34 പന്തിൽ ഒമ്പതു ഫോറും രണ്ട് സിക്സുമടങ്ങിയതായിരുന്നു ഷായുടെ ബാറ്റിങ്. രണ്ട് റൺസ് കൂടി ചേർക്കുന്നതിനിടെ വാർണറും കൂടാരം കയറി.
ഇത്തവണ രവി ബിഷ്‍ണോയി ആയിരുന്നു വേട്ടക്കാരൻ. മൂന്നു റൺസ് എടുത്ത റോവ്മാനെയും പവലിയനിലെത്തിച്ചാണ് ബിഷ്‍ണോയ് ആക്രമണം നിർത്തിയത്. പിന്നാലെ ഒത്തുചേർന്ന ഋഷഭ് പന്തും സർഫറാസ് ഖാനും പതിയെ ബാറ്റിങ് താളം വീണ്ടെടുത്തു. തിടുക്കം കാട്ടാതെ ഡൽഹി ഇന്നിങ്സിന് ജീവൻ നൽകിയ ഇരുവരും സ്ട്രൈക്ക് കൈമാറി കളി ഡൽഹിയുടെതാക്കാൻ ശ്രമിച്ചെങ്കിലും റണ്ണൊഴുകേണ്ട അവസാന ഓവറുകൾ എറിയാനെത്തിയ ഹോൾഡറും ആവേശ് ഖാനും പ്രതീക്ഷകൾ തല്ലിക്കെടുത്തി. 19ാം ഓവറിൽ ആവേശ് ഖാൻ ആറ് റൺസാണ് നൽകിയതെങ്കിൽ ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ പിറന്നത് ഒരു വൈഡ് ഉൾപ്പെടെ ഏഴു റൺസ്. ഇതോടെ ഡൽഹി സ്കോർ 149ലൊതുങ്ങി.
മറുപടി ബാറ്റിങ്ങിൽ കെ.എൽ രാഹുലിനെ കൂട്ടുപിടിച്ച് കളി തുടങ്ങിയ ഡി കോക്ക് ബൗണ്ടറികൾ പായിച്ചും ഒപ്പം സ്ട്രൈക്ക് കൈമാറിയും റണ്ണൊഴുക്കിന് വേഗം നൽകി. 52 പന്ത് നേരിട്ട് ഒമ്പതു ഫോറും രണ്ടു സിക്സുമടക്കം 80 റൺസെടുത്താണ് വിജയത്തിനരികെ താരം മടങ്ങിയത്. അവസാന ഓവറുകളിൽ ലഖ്നോ ബാറ്റിങ്ങിനെ ഡൽഹി ബൗളർമാർ ആധിയിലാക്കിയെങ്കിലും ക്രുണാൽ പാണ്ഡ്യയും ബദോനിയും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.