രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന് കന്നി കിരീടം
text_fieldsബംഗളൂരു: മധ്യപ്രദേശ് ആദ്യ രഞ്ജി ട്രോഫി ഫൈനൽ കളിച്ച സമയത്തെ ക്യാപ്റ്റൻ ചന്ദ്രകാന്ത് പണ്ഡിറ്റ് അന്ന് കൈവിട്ട കിരീടം പരിശീലകന്റെ റോളിൽ 23 വർഷത്തിനുശേഷം അദ്ദേഹം ടീമിന് തിരികെ നൽകിയിരിക്കുന്നു. കണക്കുകളിലെല്ലാം മുമ്പന്മാരായ മുംബൈയെ വെല്ലാൻ മധ്യപ്രദേശിനാകുമോ എന്ന് സംശയിച്ചവരോട് വിജയതൃഷ്ണയുള്ള ഒരു സംഘം യുവാക്കളെ അണിനിരത്തി മറുപടി നൽകി.
ബംഗളൂരുവിൽ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ 41 വട്ടം ചാമ്പ്യന്മാരായ മുംബൈയെ ആറു വിക്കറ്റിന് തകർത്താണ് മധ്യപ്രദേശ് കന്നിക്കിരീടം ചൂടിയത്. തുടക്കം ബാറ്റിങ് പ്രകടനംകൊണ്ടും പിന്നീട് ബൗളിങ് മികവുകൊണ്ടും മുംബൈയെ തളക്കുകയായിരുന്നു. സ്കോർ മുംബൈ: 374, 269. മധ്യപ്രദേശ്: 536, 108/4.
അഞ്ചാം ദിനം കളി പുനരാരംഭിക്കുമ്പോൾ രണ്ടിന് 113 എന്ന നിലയിലായിരുന്ന മുംബൈയുടെ ബാറ്റർമാരെ കൃത്യമായ ഇടവേളകളിൽ പവിലിയനിലേക്കയച്ച് ബൗളർമാർ 269 റൺസിലൊതുക്കി. മുംബൈക്കായി 58 പന്തിൽ 51 റൺസടിച്ച സുവേദ് പാർക്കർ ആക്രമിച്ചുകളിച്ചു. 45 റൺസുമായി സർഫറാസ് ഖാൻ പിന്തുണ നൽകി. നാലു വിക്കറ്റുകൾ പിഴുത സ്പിന്നർ കുമാർ കാർത്തികേയയുടെ പ്രകടനമാണ് മുംബൈയെ വരിഞ്ഞുകെട്ടിയത്. ഗൗരവ് യാദവ്, പാർത്ത് സഹാനി എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തേ ആദ്യ ഇന്നിങ്സിൽ 162 റൺസ് ലീഡ് സ്വന്തമാക്കിയതോടെതന്നെ കളി മധ്യപ്രദേശിന്റെ വരുതിയിലായിരുന്നു. രണ്ടാം ഇന്നിങ്സിൽ മുംബൈയെ 269 റൺസിലൊതുക്കി 108 റൺസ് വിജയലക്ഷ്യത്തിലേക്ക് മധ്യപ്രദേശ് ബാറ്റ് വീശി.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശിനും പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. നാലു വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ആദ്യ ഇന്നിങ്സിലെ സെഞ്ചൂറിയന്മാരായ ശുഭം ശർമയും രജത് പാട്ടീദാറും 30 റൺസ് വീതം നേടി അധികം പരിക്കുകളില്ലാതെ ടീമിനെ വിജയതീരത്തെത്തിച്ചു.
ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ 30 റൺസുമെടുത്ത ശുഭം ശർമ കളിയിലെ താരമായപ്പോൾ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈ ബാറ്റർ സർഫറാസ് ഖാൻ പരമ്പരയുടെ താരമായി. 982 റൺസടിച്ച് റെക്കോഡിട്ട സർഫറാസിന്റെ പ്രകടനം അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.