അടിമുടി മാറ്റത്തിന് മുംബൈ ഇന്ത്യൻസ്; പരിശീലകനായി മഹേല ജയവർധന മടങ്ങിയെത്തി
text_fieldsമുംബൈ: കഴിഞ്ഞ ഐ.പി.എൽ സീസണിലെ മോശം ഫോമിൽനിന്ന് കരകയറാൻ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ്. ടീമിന്‍റെ പരിശീലകനായി ശ്രീലങ്കൻ മുൻ താരം മഹേല ജയവർധന മടങ്ങിയെത്തി.
ഐ.പി.എല്ലിൽ 2017 മുതൽ 2022 വരെ ടീമിന്‍റെ പരിശീലകനായിരുന്നു. മൂന്നു തവണ ടീമിന് കിരീടം നേടികൊടുത്തു. പിന്നാലെ ജയവർധന ഫ്രാഞ്ചൈസിയുടെ ഗ്ലോബൽ ക്രിക്കറ്റ് ഹെഡായി നിയമിതനായി. വിദേശ ലീഗുകളിൽ ഉൾപ്പെടെ മുംബൈ ഇന്ത്യൻസിന്റെ വിപുലീകരണമായിരുന്നു ലക്ഷ്യം. കഴിഞ്ഞ രണ്ടു സീസണുകളിൽ ദക്ഷിണാഫ്രിക്കൻ മുൻ പരിശീലകൻ മാർക് ബൗച്ചറായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ പോയന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. പരിശീലകനായി ചുമതലയേറ്റ 2017 സീസണിലും 2019, 2021 സീസണുകളിലുമാണ് ജയവർധനക്കൊപ്പം മുംബൈ കപ്പുയർത്തിയത്. 2023ൽ മുംബൈ പ്ലേ ഓഫിലെത്തി.
2024ലെ സീസണു മുമ്പായി രോഹിത് ശർമക്കു പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതോടെ ടീമിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഇത് ടീമിന്റെ പ്രകടനത്തെ ഉൾപ്പടെ ബാധിച്ചു. പിന്നാലെയാണ് ബൗച്ചറെ ഒഴിവാക്കിയത്. സീസണിലെ 14 മത്സരങ്ങളിൽ പത്തിലും ടീം തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.