വയസ് 40, അടുത്ത സീസണിലും തല ധോണി തന്നെ !
text_fieldsദുബൈ: 2022 ലെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആരു നയിക്കും...? സംശയിക്കേണ്ട, മഹേന്ദ്ര സിങ് ധോണി തന്നെയായിരിക്കും അപ്പോഴും ചെന്നൈയുടെ തല.
അപ്രതീക്ഷിത നേരങ്ങളിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിക്കുന്ന രീതിയാണ് ധോണിയുടേത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും അപ്രതീക്ഷിതമായി വിരമിച്ച ധോണി ഇപ്പോൾ ഐ.പി.എല്ലിൽ മാത്രമാണ് കളിക്കുന്നത്. ഐ.പി.എല്ലിൽ നിന്നും ഇനി എന്നാണ് വിരമിക്കുക എന്ന ചോദ്യത്തിന് ധോണി നൽകുന്ന ഉത്തരങ്ങളിൽ അടുത്ത സീസൺ കൂടി കളിക്കളത്തിലുണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്.
'ഞാൻ വിടവാങ്ങുന്നതു കാണാൻ എല്ലാവർക്കും അവസരമുണ്ടാകും. അത് ചെന്നൈയിൽ തന്നെയായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്'- ഇന്ത്യ സിമൻറ്സിെൻറ 75ാം വാർഷിക ആഘോഷത്തിൽ ഓൺലൈൻ വഴി പങ്കെടുക്കുന്നതിനിടയിലാണ് ധോണി തെൻറ തലവര അറിയിച്ചത്. ചെന്നൈ സൂപ്പർ കിങ്സിെൻറ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ആരാധകർക്കു നടുവിൽ തലപ്പത്തുനിന്നിറങ്ങണമെന്നാണ് 'തല' എന്നു വിളിക്കുന്ന ധോണിയുടെ ആഗ്രഹം.
ധോണിയുടെ നായകത്വത്തിൽ മൂന്നുതവണ ഐ.പി.എൽ ചാമ്പ്യന്മാരായ ചെന്നൈ കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. അതോടെ ഐ.പി.എൽ വാസവും അവസാനിച്ചെന്നു കരുതിയെങ്കിലും വിരമിക്കുന്നതിനെക്കുറിച്ച് ധോണി മിണ്ടിയിരുന്നില്ല. ഇക്കുറി ഗംഭീരമായ തിരിച്ചുവരവാണ് 40കാരനായ ധോണി നടത്തിയത്. ഇക്കുറി പ്ലേഓഫിൽ കടന്ന ആദ്യ ടീമായി ചെന്നൈയെ മാറ്റി. പക്ഷേ, അപ്പോഴും ബാറ്റിങ്ങിൽ പഴയ ധോണിയുടെ നിഴൽപോലുമില്ല. സിംഗിൾ പോലും എടുക്കാൻ തപ്പിത്തടയുന്ന ധോണിയെയാണ് ഓരോ മത്സരത്തിലും കാണുന്നത്. എന്നാൽ, ക്യാപ്റ്റൻ എന്ന നിലയിൽ 100 മാർക്കും ധോണിക്കുതന്നെ. സ്റ്റംപിങ്ങിലെ മിന്നൽവേഗത്തിനും തന്ത്രങ്ങൾക്കുമൊന്നും ഒരു മാറ്റവുമില്ല. പക്ഷേ, ബാറ്റിങ്ങിനെക്കുറിച്ചു മാത്രം ഒന്നും പറയരുത്. റണ്ണെടുത്തില്ലെങ്കിലും തലപ്പത്ത് ധോണിക്കു പകരമായി മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻ ചെന്നൈ ടീമിെൻറ ഉടയോർക്കുമില്ല താൽപര്യം. അടുത്ത സീസണായാലും തലയായി ധോണി തന്നെ മതിയെന്നാണ് അവർക്ക്.
ഇന്ത്യയിൽ തുടങ്ങിയ ഐ.പി.എൽ 14ാം സീസൺ ഇപ്പോൾ യു.എ.ഇയിൽ പുരോഗമിക്കുകയാണ്. കോവിഡ് സാഹചര്യത്തിലാണ് യു.എ.ഇയിലേക്ക് ടൂർണമെൻറിെൻറ രണ്ടാം പകുതി മാറ്റിയത്. അടുത്ത സീസൺ മിക്കവാറും ഇന്ത്യയിൽ തന്നെയായിരിക്കുമെന്ന ഉറപ്പിലാണ് തലമാറ്റത്തെക്കുറിച്ച് ധോണി സൂചന നൽകുന്നത്.
2010, 11, 18 വർഷങ്ങളിലാണ് ചെന്നൈ ഐ.പി.എല്ലിൽ ചാമ്പ്യന്മാരായത്. ഏറ്റവും കൂടുതൽ തവണ റണ്ണേഴ്സായതും ചെന്നൈയാണ്. 2008, 12, 13, 15, 19 എന്നീ വർഷങ്ങളിൽ ചെന്നൈയായിരുന്നു രണ്ടാം സ്ഥാനത്ത്. അപ്പോഴെല്ലാം ധോണി തന്നെയായിരുന്നു നായകൻ.
വിരമിച്ച ശേഷം സിനിമയിൽ ഒരുകൈ നോക്കുമോ എന്ന ചോദ്യത്തിന് 'അത് എെൻറ തട്ടകമല്ല' എന്നായിരുന്നു ധോണിയുടെ മറുപടി. 'ഏറി വന്നാൽ പരസ്യത്തിനപ്പുറം പോകില്ല നമ്മുടെ അഭിനയം.' ധോണി തുറന്നുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.