മഹ്മൂദുല്ലയുടെ പോരാട്ടം വിഫലം; ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം
text_fieldsമുബൈ: ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് കനത്ത പരാജയം. 149 റൺസിനായിരുന്നു ആഫ്രിക്കക്കാർ ജയം പിടിച്ചത്. 383 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 233 റൺസിന് പുറത്താവുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ നിലം പൊത്തുമ്പോഴും പൊരുതി സെഞ്ച്വറി നേടിയ മഹ്മൂദുല്ലയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. 111 പന്തുകൾ നേരിട്ട താരം അത്രയും റൺസെടുത്ത് കോയറ്റ്സീയുടെ പന്തിൽ ജാൻസന് പിടികൊടുത്ത് മടങ്ങി. തൻസിദ് ഹസൻ (12), ലിറ്റൺ ദാസ് (22), നജ്മുൽ ഹുസൈൻ ഷാന്റൊ (0), ഷാകിബ് അൽ ഹസൻ (1), മുഷ്ഫിഖുർ റഹീം (8), മെഹ്ദി ഹസൻ മിറാസ് (11), നസും അഹ്മദ് (19), ഹസൻ മഹ്മൂദ് (15) മുസ്തഫിസുർ റഹ്മാൻ (11) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങി. ഷോരിഫുൽ ഇസ്‍ലാം നാല് റൺസുമായി പുറത്താവാതെ നിന്നു.
ദക്ഷിണാഫ്രിക്കക്കായി ജെറാൾസ് കോയറ്റ്സീ മൂന്നും മാർകോ ജാൻസൻ, ലിസാഡ് വില്യംസ്, കഗിസൊ റബാദ എന്നിവർ രണ്ട് വീതവും കേശവ് മഹാരാജ് ഒന്നും വിക്കറ്റ് നേടി. നേരത്തെ തകർപ്പൻ സെഞ്ച്വറിയുമായി ക്വിന്റൺ ഡി കോക്കും അർധ സെഞ്ച്വറികളുമായി ഹെന്റിച്ച് ക്ലാസനും എയ്ഡൻ മർക്രാമും നിറഞ്ഞാടിയതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലെത്തിയത്.
140 പന്തിൽ ഏഴ് സിക്സും 15 ഫോറുമടക്കം 174 റൺസ് നേടിയ ഡി കോക്കിനെ ഹസൻ മഹ്മൂദിന്റെ പന്തിൽ നസൂം അഹ്മദ് പിടികൂടിയതോടെ ബംഗ്ലാ താരങ്ങൾ അൽപം ആശ്വസിച്ചെങ്കിലും അവസാന ഓവറുകളിൽ ക്ലാസനും ഡേവിഡ് മില്ലറും അടിച്ചു തകർത്തതോടെ സ്കോർ 380ഉം പിന്നിടുകയായിരുന്നു. ക്ലാസൻ 49 പന്തിൽ എട്ട് സിക്സും രണ്ട് ഫോറുമടക്കം 90 റൺസാണ് നേടിയത്. സെഞ്ച്വറിയിലേക്ക് നീങ്ങിയ ക്ലാസനെ അവസാന ഓവറിൽ ഹസൻ മഹ്മൂദിന്റെ പന്തിൽ മഹ്മൂദല്ല പിടികൂടുകയായിരുന്നു. ക്യാപ്റ്റൻ എയ്ഡൻ മർക്രാം 60 റൺസെടുത്തു. ഡേവിഡ് മില്ലർ (15 പന്തിൽ പുറത്താവാതെ 34), റീസ ഹെന്റിക്സ് (12), റസി വാൻ ഡെർ ഡൂസൻ (1), മാർകോ ജാൻസൻ (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ടും മെഹ്ദി ഹസൻ, ഷോരിഫുൽ ഇസ്‍ലാം, ഷാകിബ് അൽ ഹസൻ എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.