ഏഷ്യാകപ്പ് സെപ്റ്റംബറിൽ, മൂന്ന് ഇന്ത്യ - പാകിസ്താൻ മത്സരങ്ങൾക്ക് സാധ്യത; പക്ഷേ കളി ഇന്ത്യയിൽ നടക്കില്ല
text_fieldsമുംബൈ: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ പാകിസ്താനെതിരെ ആറ് വിക്കറ്റ് വിജയം നേടിയാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. ചിരവൈരികൾ തമ്മിൽ കടുത്ത പോരാട്ടമുണ്ടാകുന്ന പതിവിന് വിപരീതമായി ആരാധകരെ നിരാശപ്പെടുത്തി ഇന്ത്യയുടെ ഏകപക്ഷീയ വിജയമാണ് ഇത്തവണയുണ്ടായത്. ബാറ്റിങ്ങിലും ബാളിങ്ങിലും ഇന്ത്യക്കായിരുന്നു മത്സരത്തിൽ മുൻതൂക്കം. ഇടവേളക്കുശേഷം വിരാട് കോഹ്ലി സെഞ്ച്വറി നേടി കളംനിറഞ്ഞ മത്സരം കൂടിയായി ഇത്. ഇന്ത്യ -പാകിസ്താൻ പോരാട്ടം വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഇക്കൊല്ലം തന്നെ ഉണ്ടാകുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റിലായിരിക്കും ഇരു ടീമുകളും ഇനി ഏറ്റുമുട്ടുക.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയും പാകിസ്താനും തമ്മിൽ മൂന്ന് മത്സരങ്ങൾ വരെ ടൂർണമെന്റിൽ ഉണ്ടായേക്കും. വൻകരയിലെ ചാമ്പ്യന്മാരെ നിർണയിക്കാനുള്ള ടൂർണമെന്റ് ഇക്കൊല്ലം ടി20 ഫോർമാറ്റിലാകും നടക്കുക. എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റിൽ 19 മത്സരങ്ങളാണ് ആകെയുണ്ടാകുക. സെപ്റ്റംബർ രണ്ടാംവാരം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏഷ്യാകപ്പിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. എന്നാൽ നേരത്തെയുള്ള ധാരണ പ്രകാരം പാകിസ്താന്‍റെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റേണ്ടിവരും. ഇതോടെ ചാമ്പ്യൻസ് ട്രോഫി പോലെ ഹൈബ്രിഡ് മോഡലിലാകും ടൂർണമെന്‍റ് നടക്കുക.
ഇന്ത്യക്കും പാകിസ്താനും പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, യു.എ.ഇ, ഒമാൻ, ഹോങ്കോങ് എന്നിവയാണ് ഏഷ്യാകപ്പിന് അണിനിരക്കുന്ന ടീമുകൾ. കഴിഞ്ഞ തവണ ടൂർണമെന്‍റ് കളിച്ച നേപ്പാളിന് ഇത്തവണ യോഗ്യത നേടാനായില്ല. നാല് വീതം ടീമുള്ള രണ്ട് ഗ്രൂപ്പായാകും ടീമുകളെ തിരിക്കുക. ഇന്ത്യയും പാകിസ്താനും പൊതുവേ ഒരേ ഗ്രൂപ്പിലാകും ഉൾപ്പെടുത്തുക. ഓരോ ഗ്രൂപ്പിൽനിന്നും രണ്ട് വീതം ടീമുകൾ സൂപ്പർ ഫോറിലെത്തും. സൂപ്പർ ഫോറിലെ മികച്ച രണ്ട് ടീമുകൾ ഫൈനൽ കളിക്കും. ഇതോടെ മിനിമം രണ്ട് ഇന്ത്യ-പാകിസ്താൻ മത്സരമുണ്ടാകാനാണ് സാധ്യത. ഇരുടീമുകളും ഫൈനലിന് യോഗ്യത നേടിയാൽ വീണ്ടുമൊരു മത്സരം കൂടിയുണ്ടാകും. പാകിസ്താൻ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനാൽ ന്യൂട്രൽ വേദിയിലാകും ഈ മത്സരങ്ങളെല്ലാം നടക്കുക.
ഇന്ത്യക്ക് പുറമെ യു.എ.ഇയിലോ ശ്രീലങ്കയിലോ മത്സരങ്ങൾ നടത്താനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പദ്ധതിയിടുന്നത്. എവിടെയായാലും മത്സരങ്ങൾ ഹോസ്റ്റ് ചെയ്യുന്നത് ബി.സി.സി.ഐയുടെ നേതൃത്വത്തിലാകും. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ സംഘത്തെ പാകിസ്താനിലേക്ക് അയക്കാനാകില്ലെന്ന് ബി.സി.സി.ഐ നിലപാട് സ്വീകരിച്ചതോടെയാണ് ഹൈബ്രിഡ് മോഡലിലാക്കിയത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബൈയിലാണ് നടക്കുന്നത്. ഭാവിയിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടൂർണമെന്‍റുകൾക്ക് പി.സി.ബി പാകിസ്താൻ ടീമിനെ ഇന്ത്യയിലേക്കും അയക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഹോസ്റ്റ് ചെയ്യുന്ന ടൂർണമെന്റുകൾക്ക് പാകിസ്താന്‍റെ മത്സരങ്ങൾക്ക് ന്യൂട്രൽ വേദി അനുവദിക്കുമെന്നാണ് ധാരണ. ഏഷ്യാകപ്പിനുള്ള ഔദ്യോഗിക തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.