മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി ഉടമകൾ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിലേക്കും!
text_fieldsലണ്ടൻ: ഫ്രാഞ്ചൈസി ക്രിക്കറ്റിന് ലോകത്താകമാനം ജനപ്രീതി വർധിച്ചുവരികയാണ്. വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ ടീമുകളെ സ്വന്തമാക്കിയവരിൽ വ്യവസായ പ്രമുഖരും മുൻ താരങ്ങളുമുണ്ട്.
ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതിൽ ഇന്ത്യൻ പ്രീമിയർ ലീഗും (ഐ.പി.എൽ) ആസ്ട്രേലിയൻ ട്വന്‍റി20 ലീഗായ ബിഗ് ബാഷും (ബി.ബി.എൽ) വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്‍റെ ചുവട് പിടിച്ച് ഇംഗ്ലണ്ട്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾ ആരംഭിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെയും ചെൽസിയുടെയും ഉടമകൾ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിക്ഷേപത്തിന് തയാറെടുക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ഫ്രാഞ്ചൈസി ലീഗുകളിലൊന്നാണ് ദ ഹൺഡ്രഡ്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് നടത്തുന്ന 100 ബാൾ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രധാന നഗരങ്ങളിലെ ടീമുകളാണ് പങ്കെടുക്കുന്നത്. രണ്ടര മണിക്കൂർ മാത്രമാണ് മത്സരം നീണ്ടുനിൽക്കുക. ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ഓരോ ടീമുകളുടെയും 49 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ അടുത്തിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു.
പിന്നാലെയാണ് പ്രമുഖ വ്യവസായികളും സ്ഥാപനങ്ങളും നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ച് രംഗത്തുവന്നത്. ഇതിൽ നോർത്ത് ലണ്ടൻ ആസ്ഥാനമായുള്ള ലണ്ടൻ സ്പിരിറ്റ് ടീമിന്‍റെ ഓഹരികൾ സ്വന്തമാക്കാനാണ് ഫുട്ബാൾ ക്ലബുകളായ യുനൈറ്റഡും ചെൽസിയും മത്സരിക്കുന്നത്. കൂടാതെ, ഫോർമുല വൺ ഉടമകളായ ലിബർട്ടി മിഡിയ ഗ്രൂപ്പും താൽപര്യം അറിയിച്ചിട്ടുണ്ട്.
ഓരോ ടീമിന്‍റെയും 51 ശതമാനം ഓഹരികൾ അതത് ഹോസ്റ്റ് കൗണ്ടിയുടെ കൈവശമായിരിക്കും. ഭാവിയിൽ അവർക്കു വേണമെങ്കിൽ വിറ്റഴിക്കാനാകും. 350 മില്യൺ പൗണ്ടാണ് ഓഹരി വിൽപനയിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ലക്ഷ്യമിടുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നോ സൂപ്പർ ജയന്‍റ്സ് എന്നീ ഐ.പി.എൽ ടീമുകളും ഹൺഡ്രഡ് ലീഗിൽ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.