ഇഞ്ചുറി പ്രീമിയർ ലീഗ്; പരിക്കുമൂലം നിരവധി താരങ്ങൾക്ക് ഐ.പി.എൽ നഷ്ടമാകും
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ 16ാമത് എഡിഷൻ ആരംഭിക്കാൻ രണ്ടുനാൾ മാത്രം ശേഷിക്കെ പരിക്കുമൂലം സീസൺ നഷ്ടമായി പ്രമുഖർ. ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ തുടങ്ങിയവരെല്ലാം ഇക്കുറി കളിക്കാൻ കഴിയാത്തവരാണ്. വിദേശ താരങ്ങളും കൂട്ടത്തിലുണ്ട്.
ഋഷഭ് പന്ത് (ഡൽഹി കാപിറ്റൽസ്)
കഴിഞ്ഞ ഡിസംബറിലുണ്ടായ വാഹനാപകടത്തിൽ ഭാഗ്യംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ഋഷഭ് പന്ത് ഡൽഹി കാപിറ്റൽസ് നായകനായിരുന്നു. മധ്യനിരയിലെ ശക്തമായ സാന്നിധ്യമായ വിക്കറ്റ് കീപ്പർ ബാറ്റർക്ക് എന്ന് കളത്തിൽ തിരിച്ചെത്താനാവുമെന്ന് വ്യക്തമല്ല. ലിഗ്മെന്റ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്. പന്തിന് പകരക്കാരനായി മറ്റൊരു താരത്തെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ക്യാപ്റ്റനായി ആസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണറിനെ നിയോഗിച്ചിട്ടുണ്ട്.
ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യൻസ്)
മുംബൈ ഇന്ത്യൻസിന്റെ ജയങ്ങളിൽ നിർണായക സാന്നിധ്യമായിരുന്ന പേസ് ബൗളർ ജസ്പ്രീത് ബുംറ ഏഴു മാസത്തിലധികമായി കളത്തിനു പുറത്താണ്. ഈയിടെ ശസ്ത്രക്രിയയും കഴിഞ്ഞു. യോർക്കറിൽ ബാറ്റർമാരെ വീഴ്ത്തുന്ന ബുംറ ഇല്ലാത്തത് മുംബൈയുടെ ആക്രമണ വീര്യത്തെ ബാധിക്കും. ഇംഗ്ലണ്ടിന്റെ പേസ് ബൗളർ ജോഫ്ര ആർച്ചറുടെ തീതുപ്പുന്ന പന്തുകൾ ബുംറയുടെ വിടവ് നികത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈ ക്യാമ്പ്.
ജൈ റിച്ചാർഡ്സൻ (മുംബൈ ഇന്ത്യൻസ്)
ബുംറക്ക് പുറമെ ആസ്ട്രേലിയൻ പേസർ ജൈ റിച്ചാർഡ്സന് പരിക്കേറ്റതും മുംബൈ ഇന്ത്യൻസിന് തിരിച്ചടിയാണ്. ഈ വർഷം ആദ്യം കൈക്കുഴയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൈൽ ജമീസൺ (ചെന്നൈ സൂപ്പർ കിങ്സ്)
മിനി ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിയ ന്യൂസിലൻഡ് പേസർ കൈൽ ജമീസൺ പുറംഭാഗത്തെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനാവാനിരിക്കുകയാണ്. നാലു മാസംകൂടി വിശ്രമം വേണ്ടിവരുന്ന അദ്ദേഹത്തിന് ഇക്കുറി ഒരു മത്സരവും കളിക്കാനാവില്ല. ദക്ഷിണാഫ്രിക്കൻ ബൗളർ സിസാന്ദ മഗാലയാണ് പകരക്കാരൻ. പേസർ മുകേഷ് ചൗധരിയും പരിക്കുമൂലം പുറത്തായിട്ടുണ്ട്.
ജോണി ബെയർസ്റ്റോ (പഞ്ചാബ് കിങ്സ്)
ട്വന്റി20 ക്രിക്കറ്റിലെ അപകടകാരികളിലൊരാളാണ് ഇംഗ്ലീഷ് ബാറ്ററായ ജോണി ബെയർസ്റ്റോ. കാലിനു പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ താരം പരിക്കിൽനിന്ന് പൂർണമായി മോചിതനല്ലാത്തതിനാൽ കളിക്കാൻ അനുമതിയില്ല. ഒഴിവു നികത്താൻ ആസ്ട്രേലിയൻ ബാറ്റർ മാത്യു ഷോർട്ടിനെ പഞ്ചാബ് കിങ്സ് ടീമിലെടുത്തിട്ടുണ്ട്.
രജത് പാട്ടിദാർ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
കുറച്ച് സീസണുകളായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നു രജത് പാട്ടിദാർ. കഴിഞ്ഞ വർഷം എലിമിനേറ്ററിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ സെഞ്ച്വറി കുറിച്ച താരം ഇല്ലാതെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇക്കുറി പോരാട്ടത്തിനൊരുങ്ങുന്നത്. പകരക്കാരനെ ഉൾപ്പെടുത്തിയിട്ടില്ല.
ജോഷ് ഹേസൽവുഡ് (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
കാലിലെ പരിക്കിൽനിന്ന് ഇനിയും മോചിതനല്ലാത്ത ആസ്ട്രേലിയൻ സ്പീഡ് സ്റ്റാർ ജോഷ് ഹേസൽവുഡിന് ഇന്ത്യൻ പര്യടനത്തിലേതുൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമായി. ഐ.പി.എല്ലിനും ഹേസൽവുഡ് ഇല്ലാത്തത് റോയൽ ചലഞ്ചേഴ്സിന് ക്ഷീണമാണ്. എങ്കിലും പകരക്കാരനെ ടീമിലെടുത്തിട്ടില്ല.
പ്രസിദ്ധ് കൃഷ്ണ (രാജസ്ഥാൻ റോയൽസ്)
കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ 19 വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പേസറാണ് പ്രസിദ്ധ് കൃഷ്ണ. നട്ടെല്ലിലെ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞ താരത്തിന് ഇത്തവണ കളിക്കാനാവില്ല. 10 കോടി രൂപക്കാണ് പ്രസിദ്ധിനെ ടീമിലെടുത്തത്. അസാന്നിധ്യം നികത്താൻ സന്ദീപ് ശർമയെ കൊണ്ടുവന്നിട്ടുണ്ട് രാജസ്ഥാൻ.
ശ്രേയസ് അയ്യർ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
മധ്യനിര ബാറ്ററായ ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മിന്നും താരവും നായകനുമായിരുന്നു. പരിക്കേറ്റ് ശസ്ത്രക്രിയക്കൊരുങ്ങുന്ന ശ്രേയസ്സിന് ഇന്ത്യ കളിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലടക്കം നഷ്ടമാവാനാണ് സാധ്യത. പകരം നായകനായി നിതീഷ് റാണയെ കൊൽക്കത്ത നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.