'ഋഷബ് പന്തിനെ ആസ്ട്രേലിയക്കാർക്ക് ഒരുപാട് ഇഷ്ടമാണ്, അതിന്‍റെ കാരണം ഇതാണ്..': മാത്യു ഹെയ്ഡൻ
text_fieldsഈ വർഷം അവസാനം ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ഋഷബ് പന്ത് ഇന്ത്യയുടെ പ്രധാന താരമാകുമെന്ന് മുൻ ആസ്ട്രേലിയൻ ഓപ്പണറും ക്രിക്കറ്റ് കമന്‍റേറ്ററുമായ മാത്യു ഹെയ്ഡൻ. നവംബർ 22 ന് ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് മത്സരത്തിലാണ് ഇന്ത്യ-ഓസീസിനെ നേരിടുക. അവസാന നാല് ബോർഡർ-ഗവാസ്ക്ർ പരമ്പരയിലും ഇന്ത്യ ഓസീസിനെ തോൽപ്പിച്ചിരുന്നു ഇത്തവണയും ഓസീസ് മണ്ണിൽ വിജയിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. 2020-21ൽ ഓസീസിൽ വെച്ച് നടന്ന പരമ്പരയിൽ പരിക്ക് വലം വെച്ചിട്ടും ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു.
ആദ്യ മത്സരത്തിൽ നാണംകെട്ട് തോറ്റ ഇന്ത്യ പിന്നീട് ഒരുമിച്ച് നിന്ന് പോരാടി പരമ്പര പിടിക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം തകരാതെ കിടന്ന ഓസീസിന്‍റെ ഗാബ്ബയിലെ നെടുംകോട്ട ഋഷബ് പന്തിന്‍റെ ചിറകിലേറി ഇന്ത്യ തകർത്തു. പരമ്പരയിൽ 68 ശരാശരിയിൽ 274 റൺസ് സ്വന്തമാക്കാൻ പന്തിന് സാധിച്ചു. ഇന്ത്യ-ആസ്ട്രേലിയ വരാനിരിക്കുന്ന പരമ്പരയെ കുറിച്ച് സംസാരിക്കവെയാണ് പന്തിനെ ഹെയ്ഡൻ പുകഴ്ത്തി സംസാരിച്ചത്. പന്തിന്‍റെ വിജയിക്കാനുള്ള ആർജ്ജവം അപാരമാണെന്നും അദ്ദേഹത്തിന്‍റെ ബാറ്റിങ് ശൈലി കാരണം ആസ്ട്രേലിയക്കാർക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നും ഹെയ്ഡൻ പറഞ്ഞു.
'ഋഷബ് പന്തിനെ പോലുള്ള താരങ്ങൾക്ക് മസിൽ മെമ്മറിയും വിജയിക്കാനുള്ള ആർജ്ജവവും ഒരുപാടുണ്ട്. അവസാനമായി ഇവിടെ കളിച്ചപ്പോൾ ഇന്ത്യയുടെ പ്രധാന താരമായിരുന്നു പന്ത്. അവന്‍റെ ഈ ബാറ്റിങ് രീതി കാരണം ആസ്ട്രേലിയയിലെ ജനങ്ങൾക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ആവേശകരമായ ബാറ്റിങ് ആയിരുന്നു അത്, പുതുമയുള്ളതും എന്നാൽ മികച്ചതുമായ ബാറ്റിങ് ആയിരുന്നു അത്. പിന്നെ ഉള്ളത് പ്രായമായ താരങ്ങളാണ്, വിരാട് കോഹ്ലിക്ക് ഒന്നും കൂടി മതിപ്പ് ഉണ്ടാക്കണം. ആസ്ട്രേലിയയിൽ അവരുടെ തന്ത്രം എങ്ങനെ ആയിരിക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഞാൻ,' ഹെയ്ഡൻ പറഞ്ഞു.
നവംബർ 22 മുതൽ ജനുവരി മൂന്ന് വരെ പരമ്പര നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.