മാസങ്ങളായി വിട്ടുനിൽക്കുന്ന ബുംറ എന്നു തിരിച്ചെത്തും?... ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം
text_fieldsശ്രീലങ്കക്കെതിരായ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിൽ ആദ്യം ഉൾപ്പെടുത്തിയ ജസ്പ്രീത് ബുംറയെ ഒടുവിൽ മാറ്റിനിർത്തുന്നതായി പ്രഖ്യാപനം വന്നപ്പോൾ ആരാധകർക്കടിയിൽ ഉണ്ടായ ഞെട്ടൽ ചെറുതൊന്നുമല്ല. ഇന്ത്യയുടെ പേസ് മാന്ത്രികന്റെ അഭാവം ഏറെയായി വലിയ ശൂന്യതയാണ് ടീമിലുണ്ടാക്കുന്നത്. സവിശേഷ ആക്ഷനുമായി ഏതു ബാറ്ററെയും മുനയിൽ നിർത്താനാകുന്ന താരം ഇത്തവണയും ഫിറ്റ്നസിന്റെ പേരിലാണ് പുറത്തുനിൽക്കുന്നത്. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ താരത്തിന് അവധി നൽകുന്നുവെന്നായിരുന്നു ബി.സി.സി.ഐ പ്രഖ്യാപനം. ഇത്രയും നീണ്ടകാലം വിട്ടുനിൽക്കാൻ മാത്രം താരത്തിന് എന്തുപറ്റിയെന്നാണ് ആശങ്ക.
എന്നാൽ, ബുംറയില്ലാത്ത ജീവിതം ആലോചിച്ചു തുടങ്ങാൻ സമയമായെന്നു പറയുന്നു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
‘‘എനിക്ക് ആധിയുണ്ട്, കാരണം അയാൾ സെപ്റ്റംബറിനു ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. ബുംറയില്ലാത്ത ജീവിതത്തിന് ഒരുങ്ങിതുടങ്ങാൻ സമയമായെന്നു തോന്നുന്നു. ഈ കാലയളവിനിടെ ഒറ്റ കളിയിലാണ് ഇറങ്ങിയത്. അതിലും പരിക്കുപറ്റി മടങ്ങിയ ശേഷം പിന്നെ തിരിച്ചെത്തിയിട്ടില്ല. പിന്നീടും അയാൾ വരും പോകും. അയാളുടെ പേര് ടീം ലിസ്റ്റിൽ വരും, പക്ഷേ, താരം ഉണ്ടാകില്ല. ഇവിടെയും വൈകിയാണ് ബുംറയുടെ പേര് ചേർത്തത്. എന്നിട്ടും താരം പുറത്തായി. അതൊരു നല്ല സംഭവമല്ല. കാരണം ഇത് ലോകകപ്പ് വർഷമാണ്. കഴിഞ്ഞ ലോകകപ്പ് നിങ്ങൾക്ക് നഷ്ടമായതുമാണ്’’- സ്വന്തം യൂട്യൂബ് വിഡിയോ ചാനലിൽ ചോപ്ര പറഞ്ഞു.
ബുംറക്കു പകരമാകാൻ പറ്റിയ ഒരാൾ നിലവിൽ ഇന്ത്യൻ ടീമിലില്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു. ‘‘ബുംറയെ പോലൊരാൾ ടീമിലില്ല. ഉടനൊന്നും ഉണ്ടാകുകയുമില്ല. എന്നാൽ, മുഹമ്മദ് സിറാജ് ഉണ്ടെന്നത് നല്ല കാര്യം. ഉംറാൻ മാലിക്, മുഹമ്മദ് ഷമി എന്നിവരും അർഷ്ദീപ് സിങ്ങും നന്നായി ചെയ്യുന്നുണ്ട്. ഫാസ്റ്റ് ബൗളിങ് നമുക്ക് കൈകാര്യം ചെയ്യാവുന്ന മേഖലയാണ്’’- ചോപ്രയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.