കോഹ്ലിയും രോഹിതുമല്ല, ഐ.പി.എൽ ചരിത്രത്തിൽ കൂടുതൽ പണംവാരിയ കളിക്കാരൻ ഇയാളാണ്...
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാരൻ വിരാട് കോഹ്ലിയോ രോഹിത് ശർമയോ അല്ല. ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്ത് പതിറ്റാണ്ടിലേറെയായി വിരാജിക്കുന്ന മഹേന്ദ്ര സിങ് ധോണിക്കാണ് ഐ.പി.എൽ ക്രീസിൽനിന്ന് കൂടുതൽ പണംവാരിയ കളിക്കാരനെന്ന വിശേഷണം. 150 കോടി രൂപയാണ് ഐ.പി.എല്ലിൽനിന്ന് ഇതുവരെ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം.
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടുണ്ടെങ്കിലും കളിയിൽനിന്ന് പണംവാരുന്ന കാര്യത്തിൽ ധോണി ഇപ്പോഴും മുന്നിൽതന്നെയാണ്. 2021 സീസണിലേക്ക് സി.എസ്.കെയുമായി കരാർ ചെയ്ത വകയിൽ 15 കോടി രൂപയാണ് 'മഹി'യുടെ അക്കൗണ്ടിലെത്തിയത്. പണമൊഴുകുന്ന ഐ.പി.എല്ലിന്‍റെ കളത്തിൽ ഏറ്റവും കൂടുതൽ പണം നേടിയ കളിക്കാരനായി അതോടെ ധോണി മാറി. ഐ.പി.എല്ലിൽനിന്ന് 150 കോടിക്കുമുകളിൽ സമ്പാദിക്കുന്ന ഏക കളിക്കാരനും ധോണിയാണ്. 2008 മുതൽ ചെന്നൈ ടീമുമായി കരാറിലേർപ്പെട്ടാണ് ധോണി ഇത്രയും തുക സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇക്കാര്യത്തിൽ ധോണിക്കുപിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 146.6 കോടി രൂപയാണ് ഐ.പി.എല്ലിൽ രോഹിതിന്‍റെ സമ്പാദ്യം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം ക്യാപ്റ്റൻ കൂടിയായ കോഹ്ലിയുടെ സമ്പാദ്യം 143.2 കോടിയാണ്. 2008ൽ ഐ.പി.എൽ തുടങ്ങിയ ഘട്ടത്തിൽ ധോണിക്ക് ലഭിച്ചതുപോലെ കനത്ത തുക ലഭിച്ചിരുന്നില്ല എന്നതിനാലാണ് കോഹ്ലി അൽപം പിന്നിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.