‘മെസ്സിയും റൊണാൾഡോയുമെല്ലാം ടീം വിട്ടില്ലേ?, കോഹ്ലി ആർ.സി.ബി വിട്ട് കിരീടം നേടാൻ കഴിയുന്ന ടീമിൽ ചേരണം’; ഉപദേശവുമായി ഇംഗ്ലീഷ് ഇതിഹാസതാരം
text_fieldsഅഹ്മദാബാദ്: ഐ.പി.എൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പുറത്തായതിന് പിന്നാലെ ടീമിലെ സൂപ്പർ താരം വിരാട് കോഹ്‍ലി ടീം വിടണമെന്ന ഉപദേശവുമായി ഇംഗ്ലണ്ടിന്റെ മുൻ ഇതിഹാസതാരം കെവിൻ പീറ്റേഴ്സൺ. മത്സരശേഷം സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ മുമ്പ് പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. മറ്റു കായിക ഇനങ്ങളിലെ ഇതിഹാസ താരങ്ങൾ സ്വന്തം ടീം വിട്ട് മറ്റിടങ്ങളിൽ പോയിട്ടുണ്ട്. കോഹ്‍ലി കഠിനമായി പരിശ്രമിക്കുകയും വീണ്ടും ഓറഞ്ച് ക്യാപ് നേടുകയും ചെയ്തു. എന്നാൽ, ടീം വീണ്ടും പരാജയപ്പെടുന്നു. ടീമിന്റെ ബ്രാൻഡ് ഇമേജിനെക്കുറിച്ചും അദ്ദേഹം ടീമിന് നൽകുന്ന വാണിജ്യ മൂല്യത്തെക്കുറിച്ചും എനിക്ക് ബോധ്യമുണ്ട്. എന്നാൽ, വിരാട് കോഹ്‌ലി ഒരു ട്രോഫിക്ക് അർഹനാണ്. അത് നേടാൻ സഹായിക്കുന്ന ഒരു ടീമിൽ കളിക്കാൻ അവൻ അർഹനാണ്’ -പീറ്റേഴ്സൺ പറഞ്ഞു.
വിരാട് പോകേണ്ടത് ഡൽഹിയിലേക്കാണെന്ന് ഞാൻ കരുതുന്നു. അവന് ഡൽഹിയിൽ വീടുണ്ട്, മിക്ക സമയത്തും അവിടെയിരിക്കാം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കഴിയും. ഡൽഹിക്കാരനായ അവന് എന്തുകൊണ്ടാണ് തിരികെ പോകാൻ കഴിയാത്തത്?. ബംഗളൂരുവിനെപ്പോലെ ഡൽഹിയും നിരാശയിലാണ്. വിരാട് ദീർഘമായി ചിന്തിക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡേവിഡ് ബെക്കാമും ഹാരി കെയ്നുമെല്ലാം സ്വന്തം ടീം വിട്ട് മറ്റിടങ്ങളിൽ ചേക്കേറിയതിന് ഉദാഹരണങ്ങളാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്ററിൽ നാല് വിക്കറ്റിനാണ് ആർ.സി.ബി പരാജയപ്പെട്ടത്. തുടർച്ചയായ ആറ് ജയങ്ങളുമായി വൻ തിരിച്ചുവരവ് നടത്തി േഫ്ല ഓഫിൽ ഇടംപിടിച്ച ടീമിന് രാജസ്ഥാന് മുമ്പിൽ അടിതെറ്റുകയായിരുന്നു. 15 മത്സരങ്ങളിൽ ആർ.സി.ബിക്കായി ഇറങ്ങിയ കോഹ്‍ലി 741 റൺസ് നേടി റൺവേട്ടക്കാരിൽ ഒന്നാമതാണ്. ഐ.പി.എൽ ചരിത്രത്തിൽ 8000 റൺസ് തേടുന്ന ആദ്യ താരമെന്ന റെക്കോഡും കഴിഞ്ഞ ദിവസം കോഹ്‍ലി സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.