നായക പദവി രോഹിത്തിന് തിരിച്ചു നൽകേണ്ടിവരും; പ്രതികരണവുമായി മുൻ ഇന്ത്യൻ ബാറ്റർ
text_fieldsമുംബൈ: ഐ.പി.എല്ലിൽ അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്, പുതിയ സീസണിൽ ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളിലും ടീം തോറ്റു.
രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റി ഹാർദിക് പാണ്ഡ്യക്കു കീഴിലാണ് മുംബൈ ഇത്തവണ കളിക്കുന്നത്. രോഹിത്തിനെ മാറ്റിയതിൽ ആരാധക രോഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഹാർദിക്കിനെ കൂവിവിളിച്ചാണ് ഒരു വിഭാഗം ആരാധകർ വരവേൽക്കുന്നത്. സ്വന്തം തട്ടകമായ വാംഖണ്ഡെ സ്റ്റേഡിയത്തിൽ രാജസ്ഥാനെതിരായ മത്സരത്തിലും ഹാർദിക്കിനെ ഏതാനും ആരാധകർ കൂവിവിളിച്ചിരുന്നു.
മുംബൈ ഇന്ത്യൻസിന്‍റെ നായകപദവി രോഹിത് ശർമക്കു തന്നെ തിരിച്ചുനൽകേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ മനോജ് തിവാരി പറഞ്ഞു. രാജസ്ഥാനെതിരായ മത്സരത്തിൽ ആറു വിക്കറ്റിന് മുംബൈ പരാജയപ്പെട്ടതിനു പിന്നാലെയാണ് താരം ഇക്കാര്യം ഉന്നയിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 27 പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നേരത്തെ, ഗുജറാത്തിനോടും ഹൈദരാബാദിനോടും മുംബൈ തോറ്റിരുന്നു.
‘മുംബൈയുടെ നായകസ്ഥാനം രോഹിത് ശർമക്ക് തിരികെ നൽകേണ്ടിവരും. മുംബൈ ഇന്ത്യൻസ് ടീം ഉടമകൾ തീരുമാനം എടുക്കാൻ മടിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിയിട്ടും രോഹിത്തിനെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയില്ലെ’ -തിവാരി പറഞ്ഞു. ക്യാപ്റ്റനെ മാറ്റുന്നത് വളരെ വലിയ തീരുമാനമാകും. ഈ സീസണിൽ അവർക്ക് ഒരു പോയന്‍റ് പോലും നേടാനായിട്ടില്ലെന്നും തിവാരി കൂട്ടിച്ചേർത്തു. മൂന്നു തോൽവികളുമായി പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിലവിൽ മുംബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.