കൊൽക്കത്തയെ മോർഗനും രക്ഷിക്കാനായില്ല; അനായാസം മുംബൈ
text_fieldsഅബുദാബി: ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നൽകേണ്ടി വന്നത് വലിയ പിഴ. മുംബൈ ബൗളർമാർ വരിഞ്ഞുമുറക്കിയതോടെ അവരുടെ ഇന്നിങ്സ് 20 ഒാവറിൽ 148 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറിങ്ങിയ മുംബൈ ഒന്ന് ആഞ്ഞ് വീശിയതേയുള്ളൂ. വിജയം കൈപ്പിടിയിലായി.
16.5 ഒാവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ കെ.കെ.ആർ മുന്നോട്ടുവെച്ച ലക്ഷ്യം എത്തിപ്പിടിച്ചത്. കൂറ്റനടികൾക്ക് പേരുകേട്ട ക്വിൻറൺ ഡീക്കോക്ക് 44 പന്തിൽ 78 റൺസുമായി വെട്ടിത്തിളങ്ങിയതോടെയാണ് അവരുടെ വിജയം കൂടുതൽ എളുപ്പമായത്. നായകൻ രോഹിത് ശർമയുമായി (36 റൺസ്) ചേർന്ന് 94 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കിയ ഡീക്കോക്ക് ഹർദ്ദിക് പാണ്ഡ്യക്കൊപ്പം (21) ടീമിന് വിജയവും സമ്മാനിച്ചു. മുംബൈ ബാറ്റ്സ്മാനുടെ മുമ്പിൽ കൊൽക്കത്ത ബൗളർമാരിൽ ആർക്കും അദ്ഭുതം കാട്ടാനായില്ല. ഇതോടെ മുംബൈ വീണ്ടും പോയിൻറ് പട്ടികയിൽ ഒന്നാമൻമാരായി.
ദിനേശ് കാർത്തിക്കിന് പകരം ഇയാൻ മോർഗനെ നായകനാക്കിയിറങ്ങിയ കെ.കെ.ആറിെൻറ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം എളുപ്പം കടപുഴകിയതോടെ വാലറ്റത്ത് പാറ്റ് കമ്മിൻസ് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിന് മാന്യമായ സ്കോർ സമ്മാനിച്ചത്. 36 പന്തിൽ 53 റൺസായിരുന്നു കമ്മിൻസിെൻറ സമ്പാദ്യം. നായകൻ ഇയാൻ മോർഗൻ 29 പന്തിൽ 39 റൺസ് നേടി. ദിനേഷ് കാർത്തിക്കിന് എട്ടു പന്തിൽ നാല് റൺസ് മാത്രമാണെടുക്കാനായത്. മുംബൈക്ക് വേണ്ടി രാഹുൽ ചാഹർ നാല് ഒാവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളെടുത്തു. റൺസ് വിട്ടുകൊടുക്കാതെ മറ്റു ബൗളർമാരും ശ്രദ്ധിച്ചതോടെ കൊൽക്കത്തയുടെ സ്കോർ ചുരുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.