ഒറ്റക്ക് പൊരുതി ഹർമൻപ്രീത്; ഡബ്ല്യു.പി.എൽ കിരീടപ്പോരിൽ ഡൽഹിക്ക് 150 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: വനിതാ പ്രീമിർ ലീഗ് ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 150 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത മുംബൈ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ അർധ സെഞ്ചറിയുടെ (44 പന്തിൽ 66) കരുത്തിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. 30 റൺസ് നേടിയ ഇംഗ്ലിഷ് താരം നടാലിയ സിവർ-ബ്രണ്ട് മാത്രമാണ് ഹർമൻപ്രീതിന് പിന്തുണ നൽകിയത്.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡിൽ 14 റൺസ് ചേർക്കുന്നതിനിടെ മുംബൈക്ക് ഓപണർമാരെ നഷ്ടമായി. യാസ്തിക ഭാട്യ എട്ടും ഹയ്‍ലി മാത്യൂസ് മൂന്നും റൺസ് നേടി പുറത്തായി. മൂന്നാം വിക്കറ്റിലൊന്നിച്ച നടാലിയയും ഹർമൻപ്രീതും ചേർന്ന് മുംബൈയെ കരകയറ്റി. ഇരുവരും ചേർന്ന കൂട്ടുകെട്ടിൽ പിറന്ന 89 റൺസ് മുംബൈ ഇന്നിങ്സിന്‍റെ നട്ടെല്ലായി.
15-ാം ഓവറിൽ നടാലിയയെ പുറത്താക്കി ശ്രീചരണിയാണ് ഈ പാർട്നർഷിപ് തകർത്തത്. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ മുംബൈയുടെ റൺറേറ്റ് കുത്തനെ താഴ്ന്നു. 18-ാം ഓവറിൽ സ്കോർ 118ൽനിൽക്കെ ക്യാപ്റ്റൻ ഹർമൻപ്രീത് വീണു. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 66 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അമേലിയ കെർ (രണ്ട്), സജന സജീവൻ (പൂജ്യം), ജി. കമാലിനി (10), അമൻജോത് കൗർ (14*), സൻസ്കൃതി ഗുപ്ത (എട്ട്*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ.
ഡൽഹിക്കായി മരിസാനെ കാപ്, ജെസ് ജൊനാസൻ, ശ്രീചരണി എന്നിവർ രണ്ടുവീതം വിക്കറ്റുകൾ സ്വന്തമാക്കി. മലയാളി താരം മിന്നു മണിക്ക് ഒരു ഓവർ മാത്രമാണ് എറിയാൻ അവസരം ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.