'കോഹ്ലിയെ മാറ്റി രോഹിതിനെ ഇന്ത്യയുടെ ട്വൻറി 20 നായകനാക്കണം'
text_fieldsദുബൈ: രോഹിത് ശർമയെ ഇന്ത്യൻ ട്വൻറി 20 ടീമിൻെറ നായകനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖതാരങ്ങൾ. നായകനായ ഏഴുവർഷത്തെ കാലയളവിനുള്ളിൽ അഞ്ചാം ഐ.പി.എൽ കിരീടവും സ്വന്തമാക്കി ജൈത്ര യാത്ര തുടരുന്നതിന് പിന്നാലെയാണ് ആവശ്യമുയർന്നത്. സമാന കാലയളവിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ നയിച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഒരു ഐ.പി.എൽ ട്രോഫിയും എടുക്കാനായിട്ടില്ല.
''രോഹിത് ശർമയെ നിർബന്ധമായും ഇന്ത്യയുടെ ട്വൻറി 20 നായകനാക്കണം. വിസ്മയിപ്പിക്കുന്ന മാനേജറും നേതാവുമാണയാൾ. എങ്ങനെ ട്വൻറി 20 ജയിക്കണമെന്ന് അയാൾക്കറിയാം. ഇത്വഴി കൂടുതൽ ആശ്വാസത്തോടെ കളിക്കാരനായി തുടരാൻ കോഹ്ലിക്കാകും'' -മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ അഭിപ്രായപ്പെട്ടു.
രോഹിത് ശർമ ഇന്ത്യയുടെ ട്വൻറി 20 നായകനായില്ലെങ്കിൽ നഷ്ടം അദ്ദേഹത്തിനല്ല, ഇന്ത്യക്കാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ തുറന്നടിച്ചു. പ്രകടനം നോക്കിയാൽ അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിയ രോഹിത് തന്നെയാണ് ക്യാപ്റ്റനാകേണ്ടതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
മുംബൈ ഇന്ത്യൻസ് ലോകത്തെ ഏറ്റവും മികച്ച ട്വൻറി 20 ഫ്രാഞ്ചൈസിയാണെന്നും രോഹിത് ഏറ്റവും മികച്ച ക്യാപ്റ്റനാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു.
നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വൻറി 20 ടീമുകളെ കോഹ്ലിയാണ് നയിക്കുന്നത്. ഏകദിനത്തിലും ട്വൻറി 20യിലും രോഹിത്താണ് വൈസ് ക്യാപ്റ്റൻ. അടുത്ത വർഷം ഓസ്ട്രേലിയയിൽ ട്വൻറി 20 ലോകകപ്പ് നടക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.