'ലൈക്കിനും ക്ലിക്കിനും വേണ്ടിയാണ് കോഹ്ലി മികച്ചവനെന്ന് പറയുന്നത്, ഇന്ത്യക്കാരനായിരുന്നെങ്കിൽ അത് വില്യംസൺ ആയേനെ' -മൈക്കൽ വോൺ
text_fieldsന്യൂഡൽഹി: ഐ.പി.എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതോടെ ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ മുഴുവൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കാണ്. ജൂൺ 18ന് സതാംപ്റ്റണിൽ തുടങ്ങുന്ന ലോകചാമ്പ്യൻഷിപ്പ് ൈഫനലിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് രാജ്യങ്ങളുടെ മാത്രമല്ല അന്താരാഷ്്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളുടെ കൂടി പോരാട്ട വേദിയാകുകയാണ് ഇംഗ്ലണ്ട്. മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താരങ്ങളായ വിരാട് കോഹ്ലിയും കെയ്ൻ വില്യംസണുമാണ് ഇരുഭാഗങ്ങളുടെയും കപ്പിത്താൻമാർ.
രാജ്യവും ആരാധകരും മത്സരത്തിന്‍റെ ആവേശത്തിലേക്ക് കടക്കുേമ്പാൾ കളത്തിന് പുറത്തെ വാക്യുദ്ധത്തിന് തുടക്കമിടുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. മുമ്പ് പലപ്പോഴും ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ച് സോഷ്യൽ മീഡിയയിൽ നല്ല ട്രോളുകൾ ഏറ്റുവാങ്ങാറുള്ള വോൺ ഇക്കുറിയും അടങ്ങിയ ലക്ഷണം കാണുന്നില്ല.
വിരാട് കോഹ്ലി ഏറ്റവും മികച്ച താരമെന്ന് എല്ലാവരും പറയുന്നത് ക്ലിക്കുകൾക്കും ലൈക്കുകൾക്കും വേണ്ടിയാണെന്നും വില്യംസൺ ഇന്ത്യക്കാരനായിരുന്നെങ്കിൽ അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുമായിരുന്നുവെന്നും വോൺ പറഞ്ഞു.
'ഇന്ത്യക്കാരനായിരുന്നുവെങ്കിൽ കെയ്ൻ വില്യംസൺ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുമായിരുന്നു. വിരാട് കോഹ്‌ലിയല്ല ഏറ്റവും മികച്ചവനെന്ന് പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ നിങ്ങൾ കല്ലേറിനിരയാകുമെന്നതിനാൽ അങ്ങനെ പറയില്ല. കുറച്ച് ക്ലിക്കുകളും ലൈക്കുകളും നേടുന്നതിനായി ഏറ്റവും മികച്ച താരം വിരാട് കോഹ്ലിയാണെന്ന് എല്ലാവരും പറയുന്നു. മൂന്ന് ഫോർമാറ്റിലും വില്യംസണും തുല്യമായ മികവ് കാത്തുസൂക്ഷിക്കുന്നുണ്ട്. കളിക്കുന്ന രീതി, ശാന്തമായ പെരുമാറ്റം, വിനയം, അവൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നിശബ്ദനായിരിക്കുന്നു' -വോൺ സ്പാർക്ക് സ്പോർട്ടിനോട് പറഞ്ഞു.
'കെയ്ൻ വില്യംസണും വിജയിച്ച കളിക്കാരനാണ്. ന്യൂസിലൻഡുകാരായ നിങ്ങളോട് സംസാരിക്കുന്നതിനാലാണ് ഞാൻ ഇത് പറയുന്നത്. മൂന്ന് ഫോർമാറ്റുകളിലുടനീളം മികച്ച കളിക്കാരോട് ഒപ്പം നിൽക്കുന്ന വില്യംസൺ കോഹ്‌ലിക്ക് തുല്യനാണെന്ന് ഞാൻ കരുതുന്നു. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന് 10 കോടി ഫോളോവേഴ്‌സും പരസ്യവരുമാനമായി കോടികൾ ലഭിക്കുന്നില്ലെന്നും മാത്രം' -വോൺ കൂട്ടിച്ചേർത്തു.
മൂന്ന് ഫോർമാറ്റിലും 50 റൺസ് ശരാശരിയിൽ കോഹ്ലി 22,818 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 15,093 അന്താരാഷ്ട്ര റൺസുകളാണ് വില്യംസണിന്‍റെ സമ്പാദ്യം. 54.31 (ടെസ്റ്റ്), 47.48 (ഏകദിനം), 31.68 (ട്വന്‍റി20) എന്നിങ്ങനെയാണ് മൂന്ന് ഫോർമാറ്റുകളിലെ ശരാശരി. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.