'കോവിഡ് സ്ഥിരീകരിച്ചല്ലോ?. ഇനി ഐ.പി.എൽ റദ്ദാക്കുമായിരിക്കും'; കൊള്ളിച്ചുപറഞ്ഞ് മൈക്കൽ വോൺ
text_fieldsലണ്ടൻ: യു.എ.ഇയിൽ നടന്നുവരുന്ന ഐ.പി.എല്ലിനിടെ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ പേസ് ബൗളർ ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചതോടെ ട്രോളുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിലെ അവസാന ടെസ്റ്റ് റദ്ദാക്കിയപോലെ ഐ.പി.എൽ റദ്ദാക്കുമോയെന്ന് നോക്കാമെന്നായിരുന്നു മൈക്കൽ വോൺ ട്വീറ്റ് ചെയ്തത്.
എന്നാൽ അങ്ങനെ റദ്ദാക്കില്ലെന്ന് തനിക്കുറപ്പുണ്ടെന്നും മൈക്കൽ വോൺ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാംടെസ്റ്റ് ഇന്ത്യ കോവിഡ് കാരണം പറഞ്ഞ് ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് മൈക്കൽ വോൺ രേഖപ്പെടുത്തിയത്.
മാഞ്ചസ്റ്ററിൽ നടക്കാനിരുന്ന അവസാന ടെസ്റ്റ് തുടങ്ങാൻ മണിക്കൂറുകൾക്ക് മുമ്പാണ് ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയത്. താരങ്ങളും സ്റ്റാഫുമെല്ലാം നെഗറ്റിവ് ആയിരുന്നെങ്കിലും കളത്തിലിറങ്ങാൻ ടീം അംഗങ്ങൾ വിസമ്മതിക്കുകയായിരുന്നു. ഇത് ഐ.പി.എല്ലിൽ പങ്കെടുക്കാൻ വേണ്ടിയാണെന്നാണ് ആരോപണം. സെപ്റ്റംബർ 14ന് ടെസ്റ്റ് അവസാനിച്ച് 15ന് യു.എ.ഇയിൽ എത്തിയാലും ആറു ദിവസം സമ്പർക്കവിലക്ക് വേണം. 19ന് ഐ.പി.എൽ പുനരാരംഭിക്കുന്നതിനാൽ 15ന് എത്തുന്ന താരങ്ങൾക്ക് 21ന് മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ കഴിയൂ.
ഇതോടെ കോഹ്ലി, രോഹിത് ശർമ ഉൾപ്പെടെ ഇന്ത്യൻ ടീമിലെ പകുതി താരങ്ങൾക്കും ആദ്യ മത്സരം നഷ്ടമാകുമെന്ന അവസ്ഥയുണ്ടായി. ഇത് ഒഴിവാക്കാനാണ് താരങ്ങളുടെ പിന്മാറ്റമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സരം റദ്ദാക്കാനുള്ള കാരണം ഐ.പി.എല്ലാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്ക് ആതർട്ടൺ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.