പന്തിൽ ബൗൾഡായിരുന്നു! കോഹ്ലിയെ പരിഹസിച്ച മുൻ പാക് താരത്തിന് മൈക്കൽ വോണിന്‍റെ കിടിലൻ മറുപടി
text_fieldsലോകകപ്പിൽ ഇംഗ്ലണ്ട്-നെതർലൻഡ്സ് മത്സരത്തിനിടെ ഇന്ത്യൻ സൂപ്പർബാറ്റർ വിരാട് കോഹ്ലിയെ പരിഹസിച്ച മുൻ പാക് താരം മുഹമ്മദ് ഹഫീസിന് കിടിലൻ മറുപടിയുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ബെൻ സ്റ്റോക്സ് നേടിയ സെഞ്ച്വറിയുടെ കരുത്തിൽ 160 റൺസിനാണ് മത്സരത്തിൽ ഇംഗ്ലണ്ട് ഡച്ചുകാരെ തകർത്തത്.
ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ജയമാണിത്. സ്റ്റോക്സിന്‍റെ 84 പന്തിലെ 108 റൺസാണ് ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായത്. കടുത്ത സമ്മർദത്തിലും മികച്ച ഇന്നിങ്സ് കാഴ്ചവെച്ച സ്റ്റോക്സിനെ സമൂഹമാധ്യത്തിലൂടെ കുറിപ്പിലൂടെ അഭിനന്ദിക്കുന്നതിനിടെയാണ് പാക് താരം പരോക്ഷമായി കോഹ്ലിയെ വിമർശിച്ചത്.
‘കപ്പലിന്‍റെ രക്ഷകൻ, കടുത്ത സമ്മർദത്തിലും ബെൻ സ്റ്റോക്സ് നേടിയ സെഞ്ച്വറിയാണ് ഇന്നിങ്സിൽ നിർണായകമായത്. ടീമിനെ മികച്ച സ്കോറിലെത്തിച്ച് വിജയം ഉറപ്പിക്കാൻ ആക്രമണോത്സുക ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. സ്വാർഥതയെയും നിസ്വാർഥ സമീപനത്തെയും വേർതിരിക്കുന്നതിനുള്ള മികച്ച ഉദാഹരണം’ -ഹഫീസ് എക്സിൽ കുറിച്ചു.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ സെഞ്ച്വറി പ്രകടനവുമായി ഏകദിനത്തില്‍ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറിനൊപ്പം കോഹ്ലിയും എത്തിയിരുന്നു. 121 പന്തില്‍ 101 റൺസെടുത്ത് കോഹ്ലി മത്സരത്തിൽ പുറത്താകാതെ നിന്നു. എന്നാൽ, സെഞ്ച്വറി നേട്ടത്തിനായി കോഹ്ലി ടീമിന്‍റെ വിജയം വൈകിപ്പിച്ചെന്ന തരത്തിൽ താരത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കോഹ്‌ലി സ്വാര്‍ഥനാണെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നതെന്നുമായിരുന്നു വിമര്‍ശനം. ഹഫീസിന്‍റെ വിമർശനത്തിന് എക്സിലൂടെ തന്നെയാണ് മൈക്കൽ വോണും മറുപടി നൽകിയത്. 2012ൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ കോഹ്ലി ഹാഫിസിനെ ബൗൾഡാക്കിയിരുന്നെന്നും ഇതാണ് വിമർശനത്തിനു പിന്നിലെന്നും വോൺ തിരിച്ചടിച്ചു.
‘ഹഫീസ്, നിങ്ങൾ കോഹ്ലിയുടെ പന്തിൽ ബൗൾഡായിരുന്നു!! ഇതുകൊണ്ടാണോ അദ്ദേഹത്തെ നിരന്തരം വിമർശിക്കുന്നത്’ -വോൺ ചോദിച്ചു. തൊട്ടുപിന്നാലെ കോഹ്ലിയുടെ പന്തിൽ ഹഫീസ് ബൗൾഡാകുന്നതിന്‍റെ വിഡിയോയും വോൺ എക്സിൽ പോസ്റ്റ് ചെയ്തു. ‘ഹഫീസ്, സുപ്രഭാതം, നല്ലൊരുദിവസം ആശംസിക്കുന്നു’ എന്ന കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.