മിന്നുകയാണ് കേരളത്തിന്റെ പൊന്നുമണി
text_fieldsകൽപറ്റ: കൊയ്ത്തുകഴിഞ്ഞ പാടത്ത് ക്രിക്കറ്റ് ബാറ്റുമായി ആൺകുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയ പെൺകുട്ടിയെ വീട്ടുകാരടക്കം പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ, വിയർത്ത് കുളിച്ച് അസമയത്ത് വീട്ടിൽ കയറിവരുന്ന ആ പെൺകുട്ടി തന്റെ ലക്ഷ്യത്തിലേക്ക് ധീരതയോടെ ബാറ്റേന്തി. ആ ആത്മധൈര്യത്തിലാണ് കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ അവസരം കിട്ടുന്ന ആദ്യ വനിതയെന്ന അംഗീകാരവുമായി ചരിത്രത്തിലേക്ക് വയനാട് സ്വദേശി ആദിവാസി കുറിച്യ സമുദായക്കാരിയായ മിന്നു മണി ബാറ്റ് വീശി കയറിയത്. ബംഗ്ലാദേശിനെതിരായ മൂന്നു മത്സര ട്വന്റി 20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ 24കാരിയായ മിന്നുവിനും ഇടം ലഭിച്ചു.
‘‘വളരെയധികം സന്തോഷം. ഇത് എന്റെമാത്രം നേട്ടമല്ല. എന്റെ പിന്നിൽ ഒത്തിരി ആളുകളുടെ പരിശ്രമമുണ്ട്. സഹകളിക്കാർ, കേരള-വയനാട് ക്രിക്കറ്റ് അസോസിയേഷൻ അവരുടെയൊക്കെ ഒന്നായിട്ടുള്ള പരിശ്രമം കൊണ്ടാണ് ഈ നിലയിൽ എത്തിനിൽക്കാൻ കാരണം. ഓരോ കളിക്കാരുടെയും ലക്ഷ്യമാണല്ലോയിത്’’ മിന്നു മണി മാധ്യമത്തോട് പറഞ്ഞു. വയനാട് മാനന്തവാടി അമ്പൂത്തി എടപെടി ചോയിമൂലയിൽ കൈപ്പാട്ട് മാവുംകണ്ടി വീട്ടിലെ മണിയുടെ മൂത്ത മകളായ മിന്നു മാനന്തവാടി ഗവ. എച്ച്.എസ്.എസിലാണ് എട്ടാം ക്ലാസുവരെ പഠിച്ചത്.
സ്കൂളിലെ കായിക അധ്യാപിക എൽസമ്മ മിന്നു മണിയിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞു. തുടർന്ന് അവരുടെ ശ്രമഫലമായി കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമി മൈതാനത്ത് മിന്നു മണിയെ എത്തിച്ചു. പെൺകുട്ടി ക്രിക്കറ്റ് കളിക്കുന്നത് എതിർത്തിരുന്ന നാട്ടുകാരും വീട്ടുകാരും അതോടെയാണ് മിന്നുവെന്ന ക്രിക്കറ്ററെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയത്.
ഒമ്പതും പത്തും തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലായി പഠനം. തുടർന്ന് വയനാട് ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറി. സുൽത്താൻ ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടുവും തിരുവനന്തപുരം വിമൻസ് കോളജിൽനിന്നു ഡിഗ്രിയും പൂർത്തിയായി. ഇടംകൈ ബാറ്ററും ഓഫ് സ്പിന്നറുമായ മിന്നു 16ാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തി. 10 വർഷമായി കേരള ടീമിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലുണ്ടായിരുന്നു.
ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും ചാലഞ്ചർ ട്രോഫിയിലും വനിത പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. വനിത പ്രീമിയർ ലീഗിൽ ഇറങ്ങുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടവും മിന്നു സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസ് താരമായി മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു അരങ്ങേറ്റം. ജൂലൈ ഒമ്പതിന് ബംഗ്ലാദേശിലെ മിർപുരിൽ ആരംഭിക്കുന്ന പരമ്പരക്കൊരുങ്ങുകയാണ് താരം. പിതാവിനൊപ്പം സഹോദരി മിമിതയും മാതാവ് വസന്തയും എല്ലാവിധ പ്രോത്സാഹനങ്ങളുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.