സെവാഗിനെ ‘ഭാഗ്യം’ തുണച്ചു; ആര്യവീറിന് ആ ഫെരാറി കാർ നഷ്ടമായത് 23 റൺസിന്!
text_fieldsഷില്ലോങ്: ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ റെക്കോർഡ് സ്കോറായ 319 റൺസ് മറികടന്നാൽ മക്കൾക്ക് ഫെരാറി കാർ സമ്മാനിക്കുമെന്ന് വീരേന്ദർ സെവാഗ് പ്രഖ്യാപിച്ചത് ഒമ്പതു വർഷം മുമ്പാണ്. അന്ന് ആര്യവീറിന് ആറു വയസ്സു മാത്രമായിരുന്നു. ഷില്ലോങ്ങിലെ എം.സി.എ സ്റ്റേഡിയത്തിൽ 15-ാം വയസ്സിൽ സെവാഗിന്റെ മൂത്ത പുത്രനായ ആര്യവീർ ഇന്ന് ആ ഫെരാറിയെന്ന സ്വപ്നസാക്ഷാത്കാരത്തിനടുത്തെത്തിയിരുന്നു. എന്നാൽ, ‘ഭാഗ്യം’ വീരുവിനൊപ്പംനിന്നു. മൂന്നു റൺസിന് ട്രിപ്പിൾ സെഞ്ച്വറി നഷ്ടമായ ആര്യവീർ പിതാവിന്റെ റെക്കോർഡിന് 23 റൺസകലെയാണ് പുറത്തായത്.
ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റായ കൂച്ച് ബിഹാർ ട്രോഫിയിലാണ് പിതാവിന്റെ പാരമ്പര്യത്തിനൊപ്പം പടനയിച്ച ആര്യവീർ തന്റെ പകിട്ടു മുഴുവൻ ക്രിക്കറ്റ് ലോകത്തിനു മുമ്പാകെ പുറത്തെടുത്തത്. മേഘാലയക്കെതിരെ ഡൽഹിക്കുവേണ്ടി കളത്തിലിറങ്ങിയ മിടുക്കൻ ഒന്നാമിന്നിങ്സിൽ 297 റൺസാണ് അടിച്ചുകൂട്ടിയത്. 309 പന്തുകൾ നേരിട്ട് 51 ഫോറും മൂന്നു സിക്സറുമുതിർത്തായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മാസ്മരിക ഇന്നിങ്സ്. പിതാവിനെപ്പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ആര്യവീറിന്റെ പ്രഹരശേഷി 96ലേറെ ആയിരുന്നു. ആ മികവിൽ ഒന്നാമിന്നിങ്സിൽ ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 623 റൺസെടുത്ത് ഡിക്ലയർ ചെയ്തു.
‘നന്നായി കളിച്ചു ആര്യവീർ. ഫെരാറി നഷ്ടമായത് 23 റൺസിനാണ്. എന്നാലും നീ മികവുറ്റ പ്രകടനം പുറത്തെടുത്തു. ഈ തീ അണയാതെ സൂക്ഷിക്കുക. ഇനിയും കൂടുതൽ സെഞ്ച്വറികളും ഡബ്ൾ സെഞ്ച്വറികളും ട്രിപ്പ്ൾ സെഞ്ച്വറികളുമൊക്കെ നേടാൻ കഴിയട്ടെ. കളിച്ച് മുന്നേറൂ..’ -സെവാഗ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ബുധനാഴ്ച ആരംഭിച്ച ചതുർദിന മത്സരത്തിൽ ഒന്നാമിന്നിങ്സിൽ മേഘാലയ 260 റൺസെടുത്ത് പുറത്തായിരുന്നു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി രണ്ടാം ദിവസമായ വ്യാഴാഴ്ച സ്റ്റംപെടുക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 468 റൺസെന്ന അതിശക്തമായ നിലയിലായിരുന്നു. പിതാവിനെപ്പോലെ ഓപണറായിറങ്ങിയ ആര്യവീർ വ്യാഴാഴ്ച 229 പന്തിൽ 200 റൺസുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റിൽ അർണവ് എസ്. ബുഗ്ഗയുമൊത്ത് 180 റൺസ് കൂട്ടുകെട്ടിൽ ആര്യവീർ പങ്കാളിയായിരുന്നു. വെള്ളിയാഴ്ച 200 റൺസിൽ ബാറ്റിങ് തുടർന്ന താരം ട്രിപ്പ്ൾ സെഞ്ച്വറി തികക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ആർ.എസ്. രാത്തോറിന്റെ പന്തിൽ ക്ലീൻബൗൾഡായത്. ധന്യ നക്റ (130)യും ഡൽഹി ഇന്നിങ്സിൽ സെഞ്ച്വറി നേടി.
ഒക്ടോബറിൽ വിനൂ മങ്കാദ് ട്രോഫിയിൽ അരങ്ങേറിയ ആര്യവീർ 49 റൺസെടുത്ത് മണിപ്പൂരിനെതിരെ ടീമിനെ ആറു വിക്കറ്റ് ജയത്തിലേക്ക് നയിച്ചിരുന്നു. ഐ.പി.എല്ലിൽ കളിക്കുകയാണ് മകന്റെ ലക്ഷ്യമെന്ന് സെവാഗ് ഈയിടെ പ്രതികരിച്ചിരുന്നു. ടെസ്റ്റിൽ ട്രിപ്പ്ൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ബാറ്ററാണ് സെവാഗ്. 2004ൽ പാകിസ്താനെതിരെ മുൾത്താനിൽ 309 റൺസാണെടുത്തത്. നാലു വർഷത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ചെന്നൈയിൽ 319 റൺസ് നേടി സ്വന്തം റെക്കോർഡ് വീരു മെച്ചപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.