കാണാതായ വനിതാ ക്രിക്കറ്റ് താരം വനത്തിനുള്ളില്‍ മരിച്ച നിലയില്‍
text_fieldsകട്ടക്ക്: ഒഡിഷയില്‍ കാണാതായ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്‌നെ (26) വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്ക് ജില്ലയിലെ നിബിഡ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ജനുവരി 11മുതലാണിവരെ കാണാതായത്. സ്കൂട്ടർ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതെകുറിച്ച് അന്വേഷണം നടക്കുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സ്വെയിനിന്‍റെ മരണകാരണം വ്യക്തമാകുമെന്നും മിശ്ര പറഞ്ഞു. പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയ തല ടൂർണമെന്‍റിനായി ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ക്രിക്കറ്റ് താരം. ടൂർണമെന്‍റിനായി തെരഞ്ഞെടുത്ത 16 അംഗ ടീമിൽ ഇടം നേടുന്നതിൽ രാജശ്രീ പരാജയപ്പെട്ടിരുന്നു.
ടീം അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചതിന് ശേഷം ബുധനാഴ്ച വൈകുന്നേരം അവൾ കരയുന്നത് കണ്ടതായും, താമസിയാതെ പരിശീലന സെഷനിൽ പങ്കെടുത്ത ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നുവെന്ന് സ്വെയിനിന്‍റെ കൂടെ താമസിച്ചിരുന്നവർ പറഞ്ഞു. സ്വൈനെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് കട്ടക്ക് നഗരത്തിലെ പ്രാദേശിക മംഗളബാഗ് പൊലീസ് സ്റ്റേഷനിൽ കോച്ച് പുഷ്പാഞ്ജലി ബാനർജി പരാതി നൽകി. വലംകൈയ്യൻ ഫാസ്റ്റ് ബൗളറും മധ്യനിര ബാറ്റ്‌സ്‍വുമണ്‍ കൂടിയാണ് രാജശ്രീ.
ശരീരത്തില്‍ മുറിവേറ്റ പാടുകളും കണ്ണുകൾക്ക് കേടുപാടുകളും കാണുന്നതിനാൽ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട പലരെക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സ്വൈന് ടീമില്‍ ഇടം നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു. രാജശ്രീയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയ അസോസിയേഷൻ സിഇഒ സുബ്രത് ബെഹ്‌റ വളരെ സുതാര്യമായ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.