‘ഉറക്കം അതിരുവിട്ടതുകൊണ്ടല്ല ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരം നഷ്ടമായത്’; പരിഹാസങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ബംഗ്ലാദേശ് താരം
text_fieldsഉറക്കം അതിരുവിട്ടാൽ പ്രശ്നങ്ങൾ പലതാണ്. അതുകൊണ്ടുള്ള നഷ്ടങ്ങൾക്ക് ചിലപ്പോൾ വലിയ വില നൽകേണ്ടി വരും. ലോകകപ്പിൽ നിർണായക മത്സരമുള്ള ദിവസം ഫോൺ വിളിച്ചിട്ടും എടുക്കാതെ ബോധമില്ലാതെ കിടന്നുറങ്ങിയാൽ എങ്ങനെയുണ്ടാകും?, എന്ത് സംഭവിക്കുമെന്ന് ബംഗ്ലാദേശ് താരം തസ്കിൻ അഹ്മദിന്റെ അനുഭവം പറഞ്ഞുതരും.
ട്വൻറി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ താരത്തിന് കളിക്കാനാവാത്തതിന്റെ കാരണം പുറത്തുവന്നപ്പോൾ മൂക്കത്ത് കൈവെക്കുകയാണ് ക്രിക്കറ്റ് ആരാധകർ. സമയത്ത് എണീക്കാൻ വൈകിയതോടെ ടീം ബസ് പുറപ്പെടുകയും ടീമിൽനിന്ന് പുറത്താവുകയും ചെയ്തെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. പകരം ജേകർ അലിയാണ് ടീമിനായി കളത്തിലിറങ്ങിയത്.
സംഭവം നാട്ടിൽ പാട്ടായതോടെ ബംഗ്ലാദേശ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ തസ്കിൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുകയാണ്. ‘ടീം ബസ് പോയത് രാവിലെ 8.35നാണ്. 8.43ന് തന്നെ ഞാനും അവിടെനിന്ന് പുറപ്പെട്ടു. ഏകദേശം ബസ് എത്തിയപ്പോൾ തന്നെ ഞാനും എത്തി. അപ്പോൾ ടോസിടാൻ 30-40 മിനിറ്റുണ്ടായിരുന്നു. മാനേജ്മെന്റ് മറ്റൊരു കോമ്പിനേഷൻ തീരുമാനിച്ചിരുന്നു. അല്ലാതെ, ടീമിലെടുക്കാത്തത് വൈകിയെത്തിയത് കൊണ്ടല്ല’ -എന്നിങ്ങനെയായിരുന്നു ടസ്കിന്റെ വിശദീകരണം. സംഭവത്തിൽ താരം മാപ്പ് പറയുകയും ചെയ്തു.
എന്നാൽ, സംഭവത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബുൽ ഹസന്റെ വിശദീകരണം മറ്റൊരു രീതിയിലാണ്. ‘ബസ് കൃത്യസമയത്ത് വരും. ബസ് ആർക്ക് വേണ്ടിയും കാത്തിരിക്കേണ്ടതില്ലെന്നാണ് ചട്ടം. ബസ് കിട്ടിയില്ലെങ്കിൽ മാനേജറുടെ കാറിലോ ടാക്സിയിലോ വരാം. എന്നാൽ, വെസ്റ്റിൻഡീസിൽ വാഹനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്. അവൻ കളിതുടങ്ങുന്നതിന് 5-10 മിനിറ്റ് മുമ്പാണ് എത്തിയത്. അതുകൊണ്ടുതന്നെ ടീമിലെടുക്കാനായില്ല. ഒരു താരത്തെ സംബന്ധിച്ച് ഇതൊരു പ്രയാസമേറിയ സാഹചര്യമാണ്. അവൻ മാപ്പും പറഞ്ഞു. അതിനാൽ എല്ലാവരും ഇതൊരു സാധാരണ സംഭവമായാണ് കാണുന്നത്. അവൻ ബോധപൂർവം വൈകിയതല്ലല്ലോ...’ -എന്നിങ്ങനെയായിരുന്നു ഷാകിബിന്റെ പ്രതികരണം.
ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം വേറെ ഉണ്ടാകില്ലെന്നാണ് ആരാധകരുടെ പക്ഷം. മത്സരത്തിൽ ബംഗ്ലാദേശ് 50 റൺസിന് ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.