‘അൽപം ബഹുമാനമാവാം’; ലോകകപ്പിനുമുകളിൽ കാൽകയറ്റിവെച്ച മിച്ചൽ മാർഷിനെ വിമർശിച്ച് നെറ്റിസൺസ്
text_fieldsഅഹ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയോട് അനാദരവ് കാട്ടിയതായി ആസ്ട്രേലിയൻ ബാറ്റർ മിച്ചൽ മാർഷിനെതിരെ വിമർശനം. ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ആറുവിക്കറ്റിന് തകർത്ത ശേഷം വിജയാഹ്ലാദത്തിനിടെ മാർഷ് കപ്പിനു മുകളിൽ കാൽ കയറ്റിവെച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2015ൽ ലോകകിരീടം നേടിയ ആസ്ട്രേലിയൻ ടീമിലും മാർഷ് അംഗമായിരുന്നു. ഫൈനലിൽ ഇന്ത്യക്കെതിരെ 15 പന്തിൽ 15 റൺസെടുത്ത ശേഷം ജസ്പ്രീത് ബുംറയുടെ പന്തിലാണ് താരം പുറത്തായത്. രണ്ടോവർ ബൗൾ ചെയ്ത മിച്ചൽ അഞ്ചു റൺസ് മാത്രമാണ് വഴങ്ങിയത്.
‘ലോകകപ്പിനോട് അൽപം ബഹുമാനമാവാം’..സചിൻ ടെണ്ടുൽക്കർ ലോകകപ്പ് കൈകളിലേന്തി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഒരാൾ മാർഷിനെ വിമർശിച്ചത് ഇങ്ങനെയായിരുന്നു. ‘അവർ ഈ കിരീടം അർഹിക്കുന്നില്ല. അതിനോട് ഒട്ടും ബഹുമാനമില്ലെങ്കിൽ മിച്ചൽ മാർഷിനെക്കുറിച്ചോർത്ത് ലജ്ജയുണ്ട്’ -മറ്റൊരാൾ കുറിച്ചു. ‘സുഹൃത്തേ..അത് ലോകകപ്പാണ്, അതിനെയൊന്ന് ബഹുമാനിച്ചുകൂടേ?’, ‘ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ മാർഷിനെതിരെ നടപടിയെടുക്കണം’, ‘ആ ട്രോഫിയെ ബഹുമാനിക്കുന്നവർക്ക് അതിൽ തൊടാൻ അവസരം ലഭിച്ചില്ലെന്നത് ദുഃഖകരമാണ്. ബഹുമാനമില്ലാത്തവർക്കാവട്ടെ, വീണ്ടും വീണ്ടും അവസരം ലഭിക്കുകയും ചെയ്യുന്നു. തീർച്ചയായും ഇത് ഹൃദയഭേദകമാണ്’ -കമന്റുകളിൽ ചിലത് ഇങ്ങനെയായിരുന്നു.
അതിനിടെ, താൻ ഉറങ്ങാൻ കിടക്കുമ്പോൾ ലോകകപ്പ് ഫുട്ബാൾ ട്രോഫി ഏറെ പ്രിയത്തോടെ തന്നോട് ചേർത്തുവെച്ച ഇതിഹാസതാരം ലയണൽ മെസ്സിയുടെ ചിത്രവും കമന്റായി പലരും പോസ്റ്റ് ചെയ്യുന്നുണ്ട്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ സ്വീകരിച്ച് മടങ്ങുമ്പോൾ വേദിയിലെ ലോകകപ്പിൽ ചുംബിക്കുന്ന വിഡിയോയും ഒപ്പമുണ്ട്. ‘അർഹിക്കുന്നവർക്ക് ട്രോഫി ലഭിക്കുമ്പോഴുള്ള വില’ എന്നാണ് മെസ്സിയുടെ ചിത്രത്തിന് പലരും അടിക്കുറിപ്പ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.