Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ലേഡി ടെണ്ടുൽകർ' ...

'ലേഡി ടെണ്ടുൽകർ' മിഥാലി രാജ് കളി മതിയാക്കി

text_fields
bookmark_border
ലേഡി ടെണ്ടുൽകർ  മിഥാലി രാജ് കളി മതിയാക്കി
cancel
Listen to this Article

ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര ജഴ്സിയണിഞ്ഞ പുരുഷ ക്രിക്കറ്റർമാരുടെ പേരുകൾ എണ്ണിയാൽ മൂന്നക്കം കടക്കുമായിരുന്ന കാലത്ത് കരിയർ തുടങ്ങി വനിത ക്രിക്കറ്റിന്റെ മേൽവിലാസമായി വർഷങ്ങൾ ക്രീസിൽ നിലയുറപ്പിച്ച മിഥാലി രാജ് കളിക്കളം വിട്ടു. 232 ഏകദിനങ്ങളിലും 12 ടെസ്റ്റിലും 89 ട്വന്റി 20 മത്സരങ്ങളിലും ദേശീയ ടീമിന് വേണ്ടി ഇറങ്ങിയ മിഥാലി, ഏറ്റവുമധികം റെക്കോഡുകളുള്ള വനിത ക്രിക്കറ്റ് താരമെന്ന 'റെക്കോഡ്' കൂടി കുറിച്ചാണ് 40ാം വയസ്സിൽ പ്രവേശിക്കവെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ കളിച്ചതിലും റൺസിലും (7805) ഒന്നാമതാണീ പേര്. 232ൽ 155ലും ഇന്ത്യയെ നയിച്ചതും ലോക റെക്കോഡ് തന്നെ. ആറ് ലോകകപ്പുകൾ കളിച്ചതും മറ്റൊരു ചരിത്രം.

അരങ്ങേറ്റംതൊട്ട് അരങ്ങുവാഴ്ച

1982 ഡിസംബർ മൂന്നിന് രാജസ്ഥാനിലെ ജോധ്പുരിൽ ജനിച്ച മിഥാലിക്ക് 22 വർഷവും 274 ദിവസം നീണ്ട അന്താരാഷ്ട്ര കരിയർ അവകാശപ്പെടാനുണ്ട്. ഇക്കാര്യത്തിൽ മിഥാലിയുടെ പരിസരത്ത് ആരുമില്ല. 1999 ജൂണിൽ അയർലൻഡിനെതിരെയായിരുന്നു തുടക്കം. അരങ്ങേറ്റ മത്സരത്തിൽ സഹ ഓപണർ രേഷ്മ ഗാന്ധിക്കൊപ്പം ഒന്നാം വിക്കറ്റിൽ 258 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയാണ് തിരിച്ച് കയറിയത്. മിഥാലിയുടെ ബാറ്റിൽനിന്ന് പിറന്നത് 114 റൺസ്. അന്ന് ആദ്യ സെഞ്ച്വറി നേടുമ്പോൾ പ്രായം 16 വയസ്സ്, 205 ദിവസം. ഇതും ലോക റെക്കോഡാണ്. 2002 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. പരമ്പരയിലെ മൂന്നാം മത്സരത്തിൽ മിഥാലി അടിച്ചു കൂട്ടിയത് 214 റൺസ്. ട്വന്റി20യുടെ ആവിർഭാവത്തെ അതിനും വഴങ്ങുന്നതാണ് തന്റെ ബാറ്റെന്ന് മിഥാലി തെളിയിച്ചു. എന്നാൽ, ഏകദിനത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി 2019ൽ കുട്ടി ക്രിക്കറ്റ് മതിയാക്കി.

ക്രിക്കറ്റിലെ 'മിസ് കൂൾ'

12 ടെസ്റ്റിൽ 699ഉം 89 ട്വന്റി 20 മത്സരങ്ങളിൽ 2364 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഇരട്ട ശതകം (2002ൽ ഇംഗ്ലണ്ടിനെതിരെ 214 റൺസ്) നേടിയ ഏക ഇന്ത്യൻ വനിത താരവുമാണ്. ഏകദിനത്തിൽ ഏഴ് ശതകം നേടി മിഥാലിക്കൊപ്പമെത്താൻ സഹതാരങ്ങൾക്കാർക്കും ഇതുവരെയായിട്ടില്ല. ട്വന്റി 20 റൺസിലും ഇന്ത്യയിൽ ഒന്നാമതാണ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ അർധ ശതകവുമുണ്ട്. വനിത ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ താരമാണ്. വനിത ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതുമുണ്ട്. 2000, 2005, 2009, 2013, 2017, 2022 ലോകകപ്പുകളാണ് മിഥാലി കളിച്ചത്. ക്യാപ്റ്റനായിരിക്കെ ഇതിൽ രണ്ടെണ്ണത്തിലും ടീം ഫൈനലിലെത്തി. ഇക്കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ നയിച്ച് ക്യാപ്റ്റൻസിയിലും റെക്കോഡിട്ടു. ക്രിക്കറ്റിലെ 'മിസ് കൂളാ'ണ് മിഥാലി. മത്സര ഇടവേളകളിൽ പുസ്തകം വായിച്ചിരിക്കുന്ന താരത്തെ കാണാം. ക്രിക്കറ്റിന് പുറത്ത് പ്രിയം ഭരതനാട്യത്തോടാണ്. ലോക കിരീടമില്ലെന്ന സങ്കടം മാത്രം ബാക്കിയാക്കിയാണ് മിഥാലി കരിയർ അവസാനിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mithali rajretirementcricket
News Summary - Mithali Raj announces retirement from international cricket
Next Story