ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ അപേക്ഷിച്ചവരിൽ ‘മോദിയും അമിത് ഷായും ഷാറൂഖ് ഖാനും’!
text_fieldsന്യൂഡൽഹി: രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ പരിശീലകനാകാൻ അപേക്ഷ നൽകിയവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനും!. മേയ് 27 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയായി ബി.സി.സി.ഐ നിശ്ചയിച്ചിരുന്നത്. ഏകദേശം 3400 അപേക്ഷ ലഭിച്ചതിലാണ് പ്രമുഖരുടെ പേരിൽ വ്യാജ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ മുൻ താരങ്ങളായ സചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, എം.എസ് ധോണി എന്നിവരുടെ പേരിലും അപേക്ഷകളുണ്ട്. അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ചാകും ബി.സി.സി.ഐ അന്തിമ പട്ടിക തയാറാക്കുക.
ആരൊക്കെയാണ് അപേക്ഷിച്ചിട്ടുള്ളതെന്ന വിവരം ബി.സി.സി.ഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഒരു ഇന്ത്യക്കാരൻ തന്നെ എത്തുമെന്നാണ് സൂചന. ഐ.പി.എല്ലില്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറാണ് സാധ്യത പട്ടികയിൽ മുമ്പിലുള്ളത്. എന്നാല്‍, കൊൽക്കത്തയിൽ തുടരാൻ സമ്മർദമുള്ള ഗംഭീര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അപേക്ഷിക്കണമെങ്കില്‍ കോച്ച് ആക്കുമെന്ന ഉറപ്പുവേണമെന്ന് ഗംഭീര്‍ ഉപാധി വെച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനുള്ള ബി.സി.സി.ഐയുടെ ക്ഷണം നിരസിച്ചതായി മുൻ ആസ്ട്രേലിയൻ ക്യാപ്റ്റനും ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് മുഖ്യ കോച്ചുമായ റിക്കി പോണ്ടിങ് വെളിപ്പെടുത്തിയിരുന്നു. ഐ.പി.എല്ലിനിടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംഭാഷണം നടന്നിരുന്നെന്നും എന്നാൽ, ഒരു ദേശീയ ടീമിന്റെ പരിശീലകനെന്നത് വർഷത്തിൽ 10-11 മാസം ചെലവഴിക്കേണ്ട ഉത്തരവാദിത്തമായതിനാൽ ഏറ്റെടുക്കാൻ പ്രയാസമറിയിക്കുകയായിരുന്നെന്നുമാണ് പോണ്ടിങ് അറിയിച്ചത്.
എന്നാൽ, പരിശീലക സ്ഥാനം ഏറ്റെടുക്കാനായി മുൻ ആസ്ട്രേലിയൻ താരത്തെ സമീപിച്ചുവെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. പരിശീലക സ്ഥാനം ഓഫർ ചെയ്ത് ബി.സി.സി.ഐ ആരെയും സമീപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ തെറ്റാണ്. നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോയതിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള പരിശീലകനെ തെരഞ്ഞെടുക്കുക. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെയായിരിക്കും പരിശീലകരായി നിയമിക്കുക. രാജ്യത്തിന്റെ ക്രിക്കറ്റിനെ അടുത്തതലത്തിലേക്ക് ഉയർത്താൻ കഴിവുള്ളവരെയായിരിക്കും ഇവരെന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.