ഫൈനൽ കാണാൻ മോദിയെത്തും; സൂര്യകിരൺ ടീമിന്‍റെ വ്യോമാഭ്യാസവും
text_fieldsക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ആസ്ട്രേലിയ ഫൈനൽ. ആസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും മത്സരം കാണാനെത്തും.
കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തുമെന്നാണ് പ്രതീക്ഷയെന്നും ഭൂപേന്ദ്ര പട്ടേൽ എക്സിൽ കുറിച്ചു. കൂടാതെ, സെലിബ്രിറ്റികളും മുൻ താരങ്ങളും മത്സരം കാണാനെത്തും. മത്സരത്തിനു മുമ്പ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയ്റോബിക് സംഘത്തിന്‍റെ വ്യോമാഭ്യാസവും സ്റ്റേഡിയത്തിനു മുകളിൽ ഉണ്ടാകും.
നേരത്തെ, ഇതേ സ്റ്റേഡിയത്തിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാൻ മോദി എത്തിയിരുന്നു. അന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഒപ്പമുണ്ടായിരുന്നു. മത്സരത്തിനു മുന്നോടിയായും ഇടവേളകളിലും വിവിധ കലാപരിപാടികളും അരങ്ങേറും. ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളും സെമിയും ജയിച്ച ഇന്ത്യ ഇത്തവണ കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കഴിഞ്ഞ മൂന്നു തവണയും ആതിഥേയ രാജ്യമാണ് കിരീടം ചൂടിയതെന്നതും പ്രതീക്ഷ നൽകുന്നു. 2011ൽ ഇന്ത്യയും 2015ൽ ആസ്ട്രേലിയയും 2019ൽ ഇംഗ്ലണ്ടും. ഇന്ത്യ 1983ലും 2011ലുമാണ് ലോകകപ്പ് കിരീടം നേടിയത്. 2003ൽ ഫൈനലിലെത്തിയെങ്കിലും ആസ്ട്രേലിയയോട് പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.