ടെസ്റ്റിൽ നിന്ന് വിരമിച്ച മൊഈൻ അലിയെ തിരിച്ച് വിളിച്ച് ഇംഗ്ലണ്ട്
text_fields2021 സെപ്തംബറിൽ ഇന്ത്യക്കെതിരായ പരമ്പരക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച മൊഈൻ അലി ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തുന്നു. ടീം മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം ആഷസ് ടെസ്റ്റിനുളള ഇംഗ്ലണ്ട് ടീമിലേക്കാണ് സ്പിന്നറുടെ മടങ്ങിവരവ്. ജാക്ക് ലീച്ചിന് പരിക്കേറ്റതും അലിയെ പരിഗണിക്കാനുള്ള കാരണമായി. അയർലാൻഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് ശേഷം ലീച്ചിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയിരുന്നു.
ടെസ്റ്റ് നായകൻ ബെൻസ്റ്റോക്‌സ്, പരിശീലകൻ ബ്രണ്ടൻ മക്കല്ലം ടീം മാനേജർ റോബ് കീ എന്നിവരുമായി മൊഈൻ അലി ചർച്ച നടത്തിയിരുന്നു. പിന്നാലെ ടെസ്റ്റ് ടീമിലേക്ക് തിരികെ വരാൻ താരം തീരുമാനിക്കുകയായിരുന്നു. എഡ്ജ്ബാസ്റ്റൺ, ലോർഡ്‌സ് എന്നിവിടങ്ങളിൽ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റ് ടീമിലേക്കാണ് അലിയെ പരിഗണിച്ചിരിക്കുന്നത്.
ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും അലി, ഏകദിനത്തിലും ടി20യിലും സജീവമാണ്. ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടിയപ്പോഴും ചെന്നൈ ഇത്തവണ ഐപിഎൽ കിരീടം നേടിയപ്പോഴും മൊഈൻ അലി ടീമിലുണ്ടായിരുന്നു.
ഇതുവരെ 64 ടെസ്റ്റുകൾ കളിച്ച അലി, 36.66 ശരാശരിയിൽ 195 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 28.29 ശരാശരിയിൽ അഞ്ച് സെഞ്ചുറികളും 14 അർധസെഞ്ചുറികളും സഹിതം 2,914 റൺസും താരം അടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.