സൂപ്പർ ഓവറിൽ ഏഴ് എക്സ്ട്രാ റൺസ്; പാകിസ്താൻ യു.എസിനോട് പരാജയപ്പെട്ടത് ഇങ്ങനെ
text_fieldsഡാലസ്: ട്വന്റി20 ലോകകപ്പിൽ ആതിഥേയരായ യു.എസിനോട് അപ്രതീക്ഷിതമായി തോൽക്കേണ്ടിവന്നതിന്റെ ഞെട്ടലിൽനിന്ന് പാക് താരങ്ങൾ മോചിതരായിട്ടില്ല. താരതമ്യേന ദുർബലരായ യു.എസിനെതിരെ അമിത ആത്മവിശ്വാസത്തിൽ ഇറങ്ങിയത് പാകിസ്താന് വിനയായി. ചേസിങ്ങിൽ ഇന്നിങ്സിന്റെ നിയന്ത്രണം പൂർണമായും യു.എസ് ബാറ്റർമാരുടെ കൈകളിലായിരുന്നു. മുൻ ചാംപ്യന്മാരെ സൂപ്പർ ഓവറിലാണ് അവർ കീഴടക്കിയത്. നിശ്ചിത 20 ഓവറിൽ 159 റൺസാണ് ഇരു ടീമുകളും നേടിയത്. ഇതിനിടെ, ഏഴ് എക്സ്ട്രാ റൺ വഴങ്ങിയ പാകിസ്താന്റെ സൂപ്പർ ഓവറിനെ കുറിച്ച് വലിയ ചർച്ചകളാണ് ഉയരുന്നത്.
അവസാന ഓവറിൽ ജയിക്കാൻ 15 റൺസായിരുന്നു യു.എസിന് വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തിൽ മൂന്ന് സിംഗിൾ മാത്രമാണ് യു.എസ് ബാറ്റർമാർ നേടിയത്. കളി പാകിസ്താന്റെ നിയന്ത്രണത്തിലായെന്ന് തോന്നിയ ഘട്ടത്തിൽ ആരോൺ ജോൺസ് ഒരു സിക്സും സിംഗിളും നേടി. സ്ട്രൈക്കർ എൻഡിലെത്തിയ നിതീഷ് കുമാർ അവസാന പന്തും ബൗണ്ടറി കടത്തിയതോടെ ഇരുടീമുകളുടെയും സ്കോർ തുല്യമായി, മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.
നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മുഹമ്മദ് ആമിറാണ് പാകിസ്താനു വേണ്ടി സൂപ്പർ ഓവർ എറിയാനെത്തിയത്. ആദ്യ പന്ത് ആരോൺ ജോൺസ് ബൗണ്ടറി കടത്തി നാല് റൺസ് നേടി. അടുത്ത രണ്ട് പന്തുകളിൽ ഡബിളും സിംഗിളും നേടിയതോടെ മൂന്ന് പന്തിൽ ഏഴ് റൺസ്. അടുത്ത പന്ത് ലെഗ് സൈഡിൽ വൈഡായി. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഡൈവ് ചെയ്തെങ്കിലും സിംഗിൾ ഓടിയെടുക്കുന്നതിൽനിന്ന് യു.എസ് ബാറ്റർമാരെ തടയാനായില്ല.
ലോ ഫുൾടോസായിവന്ന നാലാം പന്ത് സ്ക്വയർ ലെഗിലേക്ക് തിരിച്ചുവിട്ട് ആരോൺ ജോൺസ് ഒരു റൺസ് കൂടി നേടി. തൊട്ടടുത്ത പന്ത് വീണ്ടും വൈഡ്. ഇത്തവണയും ഒരു റൺ ഓടിയെടുത്തു. അഞ്ചാം പന്തിൽ യു.എസ് ബാറ്റർമാർ രണ്ട് റൺസ് ഓടിയെടുത്തു. അവസാന പന്തിനു മുൻപ് ആമിർ വീണ്ടും വൈഡെറിഞ്ഞു. ഇത്തവണ ഓഫ് സൈഡിലാണെന്ന വ്യത്യാസം മാത്രം. പന്തുപിടിച്ചെടുത്ത വിക്കറ്റ് കീപ്പർ നോൺസ്ട്രൈക്കർ എന്‍ഡിലേക്ക് എറിഞ്ഞതോടെ ഓവർ ത്രോ റൺ നേടാനുള്ള അവസരവും യു.എസ് ബാറ്റർമാർക്കു വന്നുചേർന്നു. രണ്ടു റൺ ഓടിയെടുത്തതോടെ ഈ പന്തിൽ മൂന്ന് റൺസ് പിറന്നു.
ലോ ഫുൾടോസായ അവസാന പന്ത് മിഡ് വിക്കറ്റിലേക്ക് തിരിച്ചുവിട്ട ആരോൺ ഒരു റൺ നേടി. രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ താരം റണ്ണൗട്ടായി. നേടിയത് ഒറ്റ ബൗണ്ടറി മാത്രമാണെങ്കിലും, അമിറിന്റെ ഓവറിൽ 18 റൺസാണ് പിറന്നത്! ആരോൺ ജോൺസ് 11 റൺസ് നേടിയപ്പോൾ 7 റൺസ് എക്സ്ട്രാ ഇനത്തിൽ യു.എസിന് ലഭിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെതിരെ പന്തെറിഞ്ഞത് സൗരഭ് നേത്രാവത്കറായിരുന്നു. ക്രീസിൽ ഇഫ്തിഖാർ അഹമ്മദ്. ആദ്യ പന്ത് ഡോട്ട് ബോളായി. രണ്ടാം പന്ത് ഫോർ, മൂന്നാം പന്ത് വൈഡ്, അടുത്ത പന്തിൽ ഉയർത്തി അടിക്കാനുള്ള ശ്രമത്തിൽ ഇഫ്തിഖാറിനെ നിതീഷ് കുമാർ പിടിച്ച് പുറത്താക്കി. ഷദാബ് ഖാൻ ക്രീസിൽ. ജയിക്കാൻ മൂന്ന് പന്തിൽ 14. നാലാമത്തെ പന്ത് വൈഡ്. അടുത്ത പന്ത് ലെഗ്ബൈ ഫോർ. അഞ്ചാമത്തെ പന്തിൽ രണ്ട്.
അവസാന പന്തിൽ ജയിക്കാൻ ഏഴ്. ഒരു റൺ മാത്രം നേടിയതോടെ പാകിസ്താൻ നേടിയത് 13 റൺസ് മാത്രമായി. യു.എസ് നേടിയതിനേക്കാൾ അഞ്ച് റൺസ് കുറവ്. സൂപ്പർ ഓവറിൽ പാകിസ്താൻ എക്സ്ട്രാ റൺസ് വഴങ്ങിയില്ലായിരുന്നുവെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു. ഞായറാഴ്ച ഇന്ത്യയുമായാണ് പാകിസ്താന്‍റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.