പാകിസ്താൻ ക്രിക്കറ്റിനെ നശിപ്പിച്ച രണ്ടു താരങ്ങളുമായി പി.സി.ബി ഡീലുണ്ടാക്കി! ഗുരുതര ആരോപണവുമായി മുൻ നായകൻ
text_fieldsപാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ (പി.സി.ബി) ഗുരുതര ആരോപണവുമായി മുൻ നായകൻ മുഹമ്മദ് ഹഫീസ്. ബോർഡിന് അതിമോഹമാണെന്നും ട്വന്‍റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താനായി മുഹമ്മദ് ആമിർ, ഇമാദ് വസീം ഉൾപ്പെടെയുള്ള താരങ്ങളുമായി ഡീലുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കിരീട പ്രതീക്ഷയുമായി എത്തിയ പാകിസ്താൻ കളിച്ച രണ്ടു മത്സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുമോയെന്ന ആശങ്കയിലാണ് ആരാധകർ. ആദ്യ മത്സരത്തിൽ അമേരിക്കയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ബാബർ അസമും സംഘവും ഞായറാഴ്ച ഇന്ത്യയോട് ആറ് റൺസിനും പരാജയപ്പെട്ടതോടെയാണ് സൂപ്പർ എട്ട് പ്രതീക്ഷകൾ ത്രിശങ്കുവിലായത്. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാകിസ്താൻ ഗ്രൂപ്പ് ‘എ’യിൽ നാലാമതാണ്. അയർലൻഡ് മാത്രമാണ് അവർക്ക് പിന്നിലുള്ളത്.
മോശം പ്രകടനത്തിൽ ആരാധകരും മുൻ താരങ്ങളുമെല്ലാം ടീമിനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് ബോർഡിനെതിരെ ഹഫീസിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും. സ്ഥിരതയുള്ള പ്രകടനം നടത്തുന്ന താരങ്ങളെ ഒഴിവാക്കിയാണ് ആഭ്യന്തര ക്രിക്കറ്റിൽ ഒരിക്കൽപോലും കളിക്കാത്ത ആമിർ, വസീം എന്നിവരെ പോലുള്ള താരങ്ങളെ വലിയ ടൂർണമെന്‍റിനായി തെരഞ്ഞെടുത്തത്. ലോകത്തുടനീളമുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുകയെന്നതാണ് ആമിറിന്‍റെയും വസീമിന്‍റെയും പ്രധാന ലക്ഷ്യമെന്നും അത്തരം ടൂർണമെന്‍റുകൾ നടക്കാത്ത സമയത്ത് മാത്രമാണ് അവർ രാജ്യത്തിനുവേണ്ടി കളിക്കാനെത്തുന്നതെന്നും ഹഫീസ് കുറ്റപ്പെടുത്തി.
‘പി.സി.ബിയുടെ അത്യാഗ്രഹമാണ് അവരെ ടീമിലെടുത്തത്, പാകിസ്താൻ ക്രിക്കറ്റിനെ നശിപ്പിച്ച അത്തരം കളിക്കാരുമായി (ആമിറും വാസിമും) ഡീലുണ്ടാക്കി. ഞാൻ ആഭ്യന്തര ക്രിക്കറ്റിലുണ്ടായിരുന്നു, പക്ഷേ മറ്റാരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നില്ല. ആറുമാസം മുമ്പ് പാകിസ്താനുവേണ്ടി കളിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവർക്ക് ഫ്രാഞ്ചൈസി ലീഗിൽ കളിക്കണമെന്നാണ് മറുപടി നൽകിയത്. നിലവിൽ ലീഗുകളൊന്നും നടക്കാത്തതിനാൽ, അവർ ലോകകപ്പിൽ കളിക്കുന്നു’ -ഹഫീസ് പറഞ്ഞു.
ആമിർ 2020ലും വസീം 2023ലും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. ഈ വർഷമാണ് ഇരുവരും മടങ്ങിയെത്തിയത്. സൂപ്പർ എട്ടിൽ എത്താൻ പാകിസ്താന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രം പോരാ, മറ്റു മത്സരങ്ങളുടെ ഫലവും നിർണായകമാകും. കാനഡയുമായും അയർലൻഡുമായുമാണ് പാകിസ്താന് മത്സരങ്ങൾ ശേഷിക്കുന്നത്. ഇത് രണ്ടും ജയിക്കുകയും യു.എസ്.എയും കാനഡയും ഇനിയുള്ള രണ്ട് മത്സരങ്ങളും തോൽക്കുകയും വേണം. പാകിസ്താൻ രണ്ട് മത്സരങ്ങളും ജയിക്കുകയും യു.എസ്.എ രണ്ടിലും തോൽക്കുകയും ചെയ്താലും പാകിസ്താന് മുന്നോട്ടുപോകാനാവില്ല. ഇരു ടീമിന്റെയും റൺറേറ്റാവും അപ്പോൾ വിധി നിർണയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.