മുഹമ്മദ് ഷമിയുടെ പ്രകടനം ക്രിക്കറ്റ് പ്രേമികൾ തലമുറകളോളം നെഞ്ചേറ്റും -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമിക്കും ഇന്ത്യൻ ടീമിനും പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തിഗത പ്രകടനങ്ങളാണ് വാങ്കഡെയിലെ സെമി ഫൈനൽ മികച്ചതാക്കിയതെന്നും മുഹമ്മദ് ഷമിയുടെ ബൗളിങ് പ്രകടനം ക്രിക്കറ്റ് ആരാധകർ തലമുറകളോളം നെഞ്ചേറ്റുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
“ഇന്നത്തെ സെമി ഫൈനൽ കൂടുതൽ മികവുറ്റതാക്കിയത് ചില മികച്ച വ്യക്തിഗത പ്രകടനങ്ങൾ ആയിരുന്നു. മുഹമ്മദ് ഷമിയുടെ ഈ ബൗളിംഗ് പ്രകടനം ക്രിക്കറ്റ് പ്രേമികൾ തലമുറകളോളം നെഞ്ചേറ്റും. വെൽ പ്ലെയ്ഡ് ഷമി!”- പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
ന്യൂസിലാൻഡിനെതിരായ സെമി ഫൈനലിൽ മുഹമ്മദ് ഷമി ഏഴുവിക്കറ്റാണ് പിഴുതത്. ഏകദിന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഏഴ് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. മാത്രമല്ല, ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേടിയെന്ന റെക്കോഡും സ്വന്തമാക്കി.
നാല് തവണയാണ് മുഹമ്മദ് ഷമി ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ലോകകപ്പിൽ ഒരു ഇന്ത്യക്കാരൻ ആദ്യമായി 50 വിക്കറ്റ് നേട്ടവും പൂർത്തിയാക്കി. ഈ ലോകകപ്പിൽ വെറും ആറ് മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റുമായി ഒന്നാം സ്ഥാനത്തെത്തി. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യക്കാരൻ എന്ന റെക്കോഡും സ്വന്തം പേരിലാക്കി.
ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറി പ്രകടനത്തിലൂടെ ഇന്ത്യ പടുത്തുയർത്തിയ 397 റൺസ് എന്ന വിജയലക്ഷ്യം തേടി ഇറങ്ങിയ ന്യൂസിലൻഡ് ഇന്നിങ്സ് 48.5 ഓവറിൽ 327 റൺസിൽ അവസാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.