അസറു കസറട്ടെ... 'കട്ട' സപ്പോർട്ടുമായി വീട്ടുകാരും കാസ്രോട്ടാരും
text_fieldsകാസർകോട്: നീ കളിച്ചോടാ... കാസർകോട് തളങ്കര കടവത്തെ അസ്ഹർ മൻസിലിൽ മുഹമ്മദ് അസ്ഹറുദ്ദീനോട് വീട്ടുകാരും നാട്ടുകാരും പറഞ്ഞു കൊണ്ടിരുന്നപ്പോൾ അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു ഈ വലംകൈയൻ ബാറ്റ്സ്മാൻ കം വിക്കറ്റ് കീപ്പർ. അല്ലെങ്കിലും കാസർകോട് ജില്ല ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്ന സഹോദരങ്ങൾ കമറുദ്ദീനും സിറാജുദ്ദീനും വെട്ടിയ ക്രീസിൽ താൽപര്യം കാണിച്ചിരുന്ന അജു എന്നു വിളിപ്പേരുള്ള അസ്ഹറുദ്ദീൻ ഒമ്പതാം വയസ്സിൽ ക്രിക്കറ്റിൽ സജീവമായതിൽ അത്ഭുതപ്പെടാനില്ല.
പരേതരായ ബി.കെ. മൊയ്തു-നഫീസ ദമ്പതികളുടെ എട്ട് ആൺമക്കളിൽ ഏറ്റവും ഇളയവനായ 26കാരന് കുടുംബവും നാടും നൽകിയ പിന്തുണ ചെറുതല്ല. തളങ്കര ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയുടെ ഭാഗമായ തളങ്കര ക്രിക്കറ്റ് ക്ലബിലൂടെയാണ് (ടി.സി.സി) തെൻറ സഹോദരങ്ങളെപോലെ അസ്ഹറും ക്രിക്കറ്റ് ലോകത്തെത്തിയത്. 11ാം വയസ്സിൽ ടി.സി.സിക്കു വേണ്ടി പാഡണിഞ്ഞു.
13ാം വയസ്സിൽ കേരള ക്രിക്കറ്റ് അസോസിയേഷെൻറ കോട്ടയം ക്യാമ്പിലെത്തിയതോടെ കളി 'കാര്യ'മായി. അണ്ടർ 13, അണ്ടർ 15 ജില്ല ടീമുകളും അതുവഴി അണ്ടർ 19 കേരള ടീമിലും ഇടംകണ്ടെത്താൻ അസ്ഹർ ഒട്ടും വൈകിയില്ല.
പിന്നീട് അഞ്ചു വർഷമായി രഞ്ജി ട്രോഫിയിലും നാലുവർഷമായി മുഷ്താഖ് അലി ട്രോഫിയിലും താരം പാഡണിഞ്ഞു വരുന്നുണ്ടെങ്കിലും ഈ വർഷമാണ് ഓപണറായി ഇറങ്ങിയത്. നേരേത്തയും മികച്ച ഇന്നിങ്സുകൾ പിറന്നതൊക്കെ ഒന്നാംതരം ടീമുകൾക്കെതിരെ ആണെന്നതിനാൽ ഐ.പി.എല്ലിലേക്കും അതുവഴി ഇന്ത്യൻ ടീമിെൻറ നീലക്കുപ്പായത്തിലേക്കും തങ്ങളുടെ അജു പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.
'കഠിനാധ്വാനത്തിന് ദൈവം നൽകിയ സമ്മാനം'
1994ൽ തനിക്ക് കുഞ്ഞനുജൻ പിറന്ന വിവരം കമറുദ്ധീൻ ദുബൈയിൽ വെച്ചാണ് അറിഞ്ഞത്. നാട്ടിൽ വിളിച്ചപ്പോൾ അജ്മൽ എന്ന പേരിടാനാണ് മാതാപിതാക്കളുടെ തീരുമാനമെന്നറിഞ്ഞു. ക്രിക്കറ്റ് രക്തത്തിലലിഞ്ഞ, ജില്ല ക്രിക്കറ്റ് ടീമിൽ കളിച്ച, കടുത്ത അസ്ഹറുദ്ദീൻ ആരാധകനായ കമറു മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന പേര് വിളിക്കണമെന്ന് നിർബന്ധംപിടിച്ചതോടെ ഒരു താരം ജനിക്കുകയായിരുന്നു. അവെൻറ കഠിനാധ്വാനത്തിന് ദൈവം നൽകിയ സമ്മാനമാണിതെന്ന് കമറുദ്ദീൻ പ്രതികരിച്ചു.
മിതഭാഷി, കഠിനാധ്വാനി
നാണക്കാരനാണ്, സംസാരം കുറവുമാണ്. പക്ഷേ, ബാറ്റേന്തിയാൽ ഒരു ദയയും പ്രതീക്ഷിക്കരുതെന്ന് കാണിച്ചു തന്നിരിക്കുകയാണ് അസ്ഹർ തെൻറ കരിയറിലൂടെ. വ്യായാമവും പരിശീലനവുമാണ് നാട്ടിലുള്ളപ്പോഴും പ്രധാനം. പുലർച്ച ആരംഭിച്ച് മണിക്കൂറുകൾ നീളും. ശേഷിക്കുന്ന സമയം കുടുംബത്തിലെ കുട്ടികൾക്കൊപ്പമാണ്. ആസ്ട്രേലിയൻ കമ്പനി അയച്ച കിറ്റുമായാണ് ഇപ്പോൾ കളി തുടരുന്നത്.
ഇതാ പുതിയ അസ്ഹറുദ്ദീൻ!
ബുധനാഴ്ച മുംബൈക്കെതിരെ ബാറ്റിങ് വെടിക്കെട്ട് തീർത്ത മുഹമ്മദ് അസ്ഹറുദ്ദീനെന്ന 26കാരനെ കേരളം നെഞ്ചേറ്റിയത് ഈ തലക്കെട്ടുമായാണ്. പഴയ ഇന്ത്യൻ നായകനെ അനുസ്മരിപ്പിക്കുംവിധം ക്ലാസിക് ഷോട്ടുകൾ ഈ കാസർകോട്ടുകാരെൻറ ബാറ്റിനെ ചുംബിച്ച് പറന്നപ്പോഴാണ് പുതിയ അസ്ഹറുദ്ദീനെന്ന പേര് വീണത്. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ പുതുച്ചേരിയെ തകർത്ത കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം സമ്മാനിക്കാൻ പുറത്താകാതെ 54 പന്തിൽ ജൂനിയർ അസ്ഹർ നേടിയ 137 റൺസിനായി. ആദ്യ കളിയിലും 30 റൺസെടുത്ത അസ്ഹർ തന്നെയാണ് ടോപ് സ്കോറർ. ഇന്ന് ഡൽഹിക്കെതിരെയാണ് കേരളം പാഡണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.