നരെയ്നോ സാൾട്ടോ അല്ല! കൊൽക്കത്ത നിലനിർത്തേണ്ട ഒന്നാം നമ്പർ താരത്തെ ചൂണ്ടിക്കാട്ടി കൈഫ്
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) മെഗാ താരലേലം നടക്കാനിരിക്കെ ഓരോ ടീമുകളും ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ഓരോ ടീമുകൾക്കും പരമാവധി ആറു താരങ്ങളെ വരെ നിലനിർത്താനാകും. കഴിഞ്ഞ സീസണിൽ ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസിയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എല്ലിൽ മൂന്നാം കിരീടം നേടിയത്. എന്നാൽ, താരം ഏതാനും മാസങ്ങളായി ബാറ്റിങ്ങിൽ നിറംമങ്ങിയിരിക്കുകയാണ്. ഫോമിലല്ലാത്ത ശ്രേയസ്സിനെ ഇത്തവണ കൊൽക്കത്ത നിലനിർത്തുമോ എന്നതിനെ ചൊല്ലിയും പലവിധ അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്.
ഇതിനിടെയാണ് ശ്രേയസ്സിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് രംഗത്തുവന്നത്. ഒരു സീസണിൽ കൂടി ടീമിനെ നയിക്കാൻ ശ്രേയസ്സിന് അവസരം നൽകണമെന്ന് കൈഫ് പറയുന്നു. ‘ഒരു ടീം ജയിക്കുകയും ചാമ്പ്യന്മാരാകുകയും ചെയ്യുമ്പോൾ, ടീമിലെ സുപ്രധാന താരങ്ങൾ വരുന്ന സീസണിലും ടീമിൽ തുടരണമെന്നാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. പരമാവധി താരങ്ങളെ ടീമിൽ നിലനിർത്താൻ ആഗ്രഹിക്കും. ഏതാനും താരങ്ങൾക്കായി ആർ.ടി.എം ഓപ്ഷൻ ഉപയോഗിക്കുക, മറ്റുള്ളവരെ ലേലത്തിലൂടെയും സ്വന്തമാക്കുക’ -കൈഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ശ്രേയസ്സിന്‍റെ ബാറ്റിങ്ങിനെ കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം നിലവിൽ ഫോമിലല്ല. എന്നാൽ, ക്യാപ്റ്റനെന്ന നിലയിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിവുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ഒരുപാട് മെച്ചപ്പെട്ടു. സഹതാരങ്ങളെ നിയന്ത്രിക്കാനും ടീമിനെ ചാമ്പ്യന്മാരാക്കാനും കഴിയും. ടീം നിലനിർത്തേണ്ട താരങ്ങളിൽ പ്രഥമ പരിഗണന നൽകേണ്ടത് ശ്രേയസ്സിനാണെന്നും കൈഫ് വ്യക്തമാക്കി. 2021 ഐ.പി.എല്ലിൽ മുൻ ഇംഗ്ലണ്ട് നായകൻ ഇയോൺ മോർഗൻ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കായിട്ടും തൊട്ടടുത്ത സീസണിൽ താരത്തെ ടീം കൈവിട്ടിരുന്നു. 2022, 2023 സീസണുകളിൽ അഞ്ചാമതാണ് ടീം ഫിനിഷ് ചെയ്തത്.
ടീമിന് കിരീടം നേടികൊടുക്കുന്നതിൽ സുനിൽ നരെയ്ൻ, ഫിൽ സാൾട്ട്, വെങ്കടേഷ് ഐയ്യർ, വരുൺ ചക്രവർത്തി, ആന്ദ്രെ റസ്സൽ, ഹർഷിത് റാണ എന്നിവരെല്ലാം നിർണായക പങ്കുവഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.