ഇന്ത്യൻ ടീമിലെ മുണ്ടൂരാൻ
text_fieldsസതാംപ്ടൺ: മുണ്ടുടുത്ത് ക്രിക്കറ്റ് കളിക്കുന്നവരെ നാട്ടിൻപുറങ്ങളിൽ കണ്ടിട്ടുണ്ട്. പക്ഷേ, ഒരു അന്താരാഷ്ട്ര മത്സരവേദിയിൽ അങ്ങനെയൊരു കാഴ്ചക്ക് യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. എന്നാൽ, ഏതുനിമിഷവും മഴ പൊഴിഞ്ഞേക്കാവുന്ന സതാംപ്ടണിലെ മൈതാനത്ത് അതിനും വഴിയൊരുങ്ങി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിനെതിരായ ഫൈനൽ മത്സരത്തിെൻറ അഞ്ചാംദിവസം കാണികൾക്ക് അപൂർവമായ കാഴ്ചയൊരുക്കിയത് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയാണ്. കാണികൾക്കും സോഷ്യൽമീഡിയക്കും ഒരേപോലെ ചിരിപകരാനും ഈ മുണ്ടുടുക്കൽ പരിപാടിക്കായി.
അഞ്ചാം ദിനത്തിലെ ആദ്യ സെഷനുശേഷം ഗാലറിയിലേക്ക് മടങ്ങുമ്പോഴാണ് ഷമി മുണ്ടുടുത്തത്. ഇടക്കിടെ മഴ പെയ്യുന്ന സതാംപ്ടണിൽ പതിവിൽ കൂടുതൽ ഈർപ്പമാണ് ഗ്രൗണ്ടിൽ. അതിനാൽ വലിയ ടൗവലാണ് കളിക്കാർക്ക് നൽകിയത്. ഗാലറിയിലേക്ക് മടങ്ങുമ്പോൾ ഷമി ടൗവൽ മുണ്ടുപോലെ ഉടുത്തു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്ന പ്രതീകാത്മക സൂചന കൂടിയായിരുന്നു ഷമിയുടെ മുണ്ടുടുപ്പ്.
ഉടൻതന്നെ ഈ മുണ്ടും ഷമിയും സോഷ്യൽ മീഡിയയിൽ വൈറലായി. ബോളിവുഡ് താരം രൺബീർ കപൂറിെൻറ 'സാവരിയ' എന്ന ചിത്രത്തിലെ പാട്ടുരംഗം ചേർത്തായിരുന്നു ട്രോളന്മാർ ഈ മുണ്ടുടുപ്പ് ആഘോഷിച്ചത്. മലയാളികളും വെറുതെയിരുന്നില്ല. ഷമിക്ക് 'ഇന്ത്യൻ ടീമിലെ മുണ്ടൂരാൻ' എന്ന വിശേഷണവും നൽകി മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.