‘നാണക്കേട്, ഇത് ലോകകപ്പാണ്’; മുൻ പാക് താരത്തിന്‍റെ ആരോപണങ്ങൾക്ക് കിടിലൻ മറുപടിയുമായി ഷമി
text_fieldsന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യൻ ടീമിനെ സഹായിക്കാനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും ബി.സി.സി.സിഐയും പന്തിലും ഡി.ആർ.എസിലും കൃത്രിമം നടത്തുന്നുവെന്ന മുൻ പാക് താരം ഹസൻ റാസയുടെ ആരോപണങ്ങൾക്ക് കിടിലൻ മറുപടിയുമായി പേസർ മുഹമ്മദ് ഷമി.
മത്സരത്തിൽ ഇന്ത്യൻ ടീമിന് മുൻതൂക്കം ലഭിക്കാനായി ഇന്ത്യൻ ബൗളർമാർക്ക് ബി.സി.സി.ഐയും ഐ.സി.സിയും വ്യത്യസ്തമായ പന്താണ് നൽകുന്നത്. ഡി.ആർ.എസ് സംവിധാനത്തിൽ കൃത്രിമം നടത്തിയെന്നും ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിൽ ഇക്കാര്യം തനിക്കു മനസ്സിലായെന്നും റാസ ആരോപിച്ചിരുന്നു.
‘രവീന്ദ്ര ജദേജ അഞ്ച് വിക്കറ്റെടുത്തു. കരിയറിലെ മികച്ച പ്രകടനമാണിത്. നമ്മൾ ഡി.ആർ.എസ് സാങ്കേതിക വിദ്യയെക്കുറിച്ചാണ് പറയുന്നത്. റാസി വാൻഡർ ഡസനാണ് ബാറ്റർ. ലെഗ് സ്റ്റമ്പിൽ പിച്ച് ചെയ്ത ശേഷം ഇടങ്കൈയൻ സ്പിന്നറുടെ പന്ത് മിഡിൽ സ്റ്റമ്പിൽ പതിക്കുന്നതങ്ങനെ? ഇംപാക്ട് ഇൻ ലൈൻ ആയിരുന്നെങ്കിലും പന്ത് ലെഗ് സ്റ്റമ്പിലേക്കായിരുന്നു പോയത്. ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. ഡി.ആർ.എസിൽ കൃത്രിമം കാണിക്കുന്നുവെന്ന കാര്യം വ്യക്തമാണ്’ –റാസ ആരോപിച്ചു.
ഒരു പാകിസ്താൻ ടിവി പരിപാടിക്കിടെയായിരുന്നു റാസയുടെ പരാമർശം. റാസയോട് നാണക്കേട് തോന്നുന്നുവെന്ന് ഷമി പറഞ്ഞു. ‘നാണക്കേട്, മണ്ടത്തരം പറയാതെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. മറ്റുള്ളവരുടെ വിജയം ആസ്വദിക്കൂ, ഇത് ഐ.സി.സി ലോകകപ്പാണ്, പ്രാദേശിക ടൂർണമെന്‍റല്ല’ -മുഹമ്മദ് ഷമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വാസിം അക്രം തന്നെ ഇതിനു മറുപടി നൽകിയതാണ്. സ്വന്തം താരങ്ങളെയെങ്കിലും വിശ്വസിക്കു. പ്രശസ്തിക്കുവേണ്ടി റാസ ഓരോന്ന് വിളിച്ചുപറയുകയാണെന്നും താരം കൂട്ടിച്ചേർത്തു.
പാകിസ്താനെ ലോകത്തിനു മുന്നിൽ നാണംകെടുത്തരുതെന്നാണ് റാസയുടെ ആരോപണങ്ങളോട് അക്രം പ്രതികരിച്ചത്. മികച്ച ഫോമിലുള്ള ഷമി, ലോകകപ്പിൽ കളിച്ച നാലു മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകളാണ് നേടിയത്. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡ് നേരത്തെ താരം സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.